തിരുവനന്തപുരം: തിരുവോണത്തലേന്ന് വെഞ്ഞാറമൂട് നടന്ന ഇരട്ടക്കൊലകേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. വെഞ്ഞാറമൂട് തേമ്പാമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിലാണ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ള 9 പേരെ പ്രതി ചേര്‍ത്ത കുറ്റപത്രം വ്യക്തമാക്കുന്നത് കൊലപാതകം രാഷ്‌ട്രീയ വൈരാഗ്യത്തിലാണെന്നതാണ്. ഉത്രാടത്തിന്റെയന്ന് രാത്രിയാണ് വെഞ്ഞാറമൂടിനടുത്ത് തേമ്പാമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 25കാരന്‍ ഹഖ് മുഹമ്മദും 32കാരന്‍ മിഥിലാജും കൊല്ലപ്പെട്ടത്.തുടര്‍ന്ന് രണ്ടര മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ആറ്റിങ്ങള്‍ ഡിവൈഎസ്‌പി എസ് വൈ സുരേഷിന്‍്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ആദ്യം പിടിയിലായ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്ക് കൊലയില്‍ നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണം തുടരും. പ്രതികള്‍ തമ്മില്‍ വ്യക്തിപരമായുള്ള പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും കണ്ടെത്തി.

വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംഗ്ഷനില്‍ രാത്രി 12 മണിയോടെയാണ് ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കില്‍ പോവുകയായിരുന്ന മിഥിലാജിനെയും ഹഖിനെയും തേമ്ബാമൂട് വച്ച്‌ അക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഹഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല