ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇക്ബാൽ മിർച്ചിയുടെ സ്വത്തുക്കൾ വീണ്ടും പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 500 കോടി വിലവരുന്ന മൂന്ന് വസ്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. മുംബൈയിലെ വർളിയിലെ റബിയ മാൻഷൻ, മറിയം ലോഡ്ജ്, സീ വ്യൂ എന്നീ കെട്ടിടങ്ങളാണ് കണ്ടുകെട്ടിയത്. 500 കോടി വിലവരുന്നതാണ് ഈ കെട്ടിടങ്ങളെന്ന് ഇഡി വ്യക്തമാക്കുന്നു.

മയക്കുമരുന്ന് കച്ചവടത്തിനും കള്ളക്കടത്തിനുമെതിരായ രണ്ട് കേന്ദ്ര നിയമങ്ങൾ പ്രകാരമാണ് സ്വത്തുക്കൾ കണ്ടെടുക്കാൻ ഉത്തരവിട്ടത്. ഇതോടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അസാധുവായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വഷണത്തിൽ ഈ സ്വത്തുക്കളുടെ മൂല്യം 500 കോടി രൂപയാണെന്ന് കണ്ടെത്തിയതായി ഇഡി അറിയിച്ചു.

നേരത്തെ 203 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തിരുന്നു. ദുബായിലെ വിവിധയിടങ്ങളിലുള്ള ബിസിനസ്സ് സ്ഥാപനങ്ങൾ, മിഡ്‌വെസ്റ്റ് ഹോട്ടൽ അപ്പാർട്ട്‌മെന്റ്, വസതികൾ എന്നിവയാണ് പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ നടപടികൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്തംബറിലാണ് ഇക്ബാൽ മിർച്ചിയ്ക്കും മറ്റുള്ളവർക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തത്.