മുംബൈ: ഭീമ കൊറിഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന വിപ്ലവ കവിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ബോംബൈ ഹൈക്കോടതി നിര്‍ദ്ദേശം.

അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ 15 ദിവസത്തേക്ക് പ്രവേശിപ്പിക്കാനാണ് കോടതി നിര്‍ദേശം. ചികിത്സയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു.

ജാമ്യം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജിയില്‍ ജഡ്ജിമാരായ എസ്.എസ് ഷിന്‍ഡെയും മാധവ് ജാംധാറും അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
അദ്ദേഹം മരണശയ്യയില്‍ കിടക്കുന്ന മനുഷ്യനാണ്. ആദ്യം അദ്ദേഹത്തിന് നല്ല ചികിത്സ നല്‍കൂ- ബെഞ്ച് പറഞ്ഞു.
ആശുപത്രി മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ വരവര റാവുവിനെ ബന്ധുക്കള്‍ക്ക് സന്ദര്‍ശിക്കാമെന്നും കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി. കേസില്‍ 81 കാരനായ വരവര റാവു 2018 മുതല്‍ 81 ജയിലിലാണ്.