ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ വീട്ടില്‍ ഒരു ദിവസം താമസിച്ചാലോ? അദ്ദേഹത്തെ നേരിട്ട് കാണുക എന്നത് തന്നെ സ്വപ്നം, പിന്നെയാണോ വീട്ടില്‍ താമസിക്കുന്നത് എന്നാണോ ചിന്തിക്കുന്നത്. സംഗതി തമാശയല്ല, ഷാരൂഖ് ഖാന്റെ ഡല്‍ഹിയിലെ വീട്ടില്‍ താമസിക്കാന്‍ ഇതാ ഒരു അവസരം വന്നിരിക്കുന്നു.

അമേരിക്കന്‍ വെക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്ബനിയായ എയര്‍നെബിനൊപ്പം ചേര്‍ന്നാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും അതിഥികള്‍ക്കായി വീടിന്റെ വാതില്‍ തുറക്കുന്നത്. പക്ഷേ വെറുതേ ബാഗുമെടുത്ത് ഡല്‍ഹിയിലെ വീട്ടിലേക്ക് പോകാന്‍ പറ്റില്ല. ഒരു മത്സരമുണ്ട്, അതില്‍ വിജയിക്കുന്നയാള്‍ക്കാണ് അവസരം. സൗത്ത് ഡല്‍ഹിയിലെ പഞ്ച്ശീല്‍ പാര്‍ക്കിന് സമീപമാണ് ബംഗ്ലാവ്. മത്സരത്തില്‍ വിജയിക്കുന്ന ആള്‍ക്കൊപ്പം ഒരാള്‍ക്കു കൂടി വീട്ടില്‍ താമസിക്കാം. 2021 ഫെബ്രുവരി 13 വരെയാണ് അവസരം.

മത്സരത്തിന്റെ വിശദാംശങ്ങള്‍ ഷാരൂഖ് ഖാന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരു ചെറിയ കുറിപ്പും തയ്യാറാക്കണം. ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണത്തെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പമാണ് നൂറ് വാക്കില്‍ കവിയാതെ എഴുതേണ്ടത്. ഇരു കൈയ്യും നീട്ടിയുള്ള ഷാരൂഖിന്റെ സിഗ്‌നേച്ചര്‍ ആംഗ്യത്തിനുള്ള സ്മരാണര്‍ത്ഥമാണിത്.

ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ വീടിന്റെ ചിത്രങ്ങളും വീടുമായി ബന്ധപ്പെട്ട ഓര്‍മകളെ കുറിച്ചും ഷാരൂഖ് പറയുന്നുണ്ട്. മത്സരത്തില്‍ വിജയിക്കുന്നയാള്‍ക്ക് ഒരു രാത്രി ഉള്‍പ്പെടെ ഷാരൂഖാന്റെ വീട്ടില്‍ താമസിക്കാം. ഷാരൂഖും കുടുംബവും താമസിച്ച വീട്ടില്‍ ഒരു ദിവസം. ഗൗരി ഖാന്‍ ഒരുക്കിയ ഇന്റീരിയര്‍ ആസ്വദിക്കാം. പരിചരിക്കാന്‍ ജോലിക്കാരും ഉണ്ടാകും.

ഇതുകൊണ്ടും തീര്‍ന്നില്ല, ഷാരൂഖ് കുടുംബത്തിന്റെ ഇഷ്ടഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആഢംഭര പൂര്‍ണമായ ഡിന്നറും സൂപ്പര്‍ഹിറ്റായ ഷാരൂഖിന്റെ സിനിമകളും ആസ്വദിക്കാം. മടങ്ങുമ്പോള്‍ ഖാന്‍ കുടുംബത്തിന്റെ വക ഒരു ചെറിയ സമ്മാനവും.