വാഷിംഗ്ടൺ: വീട്ടിലുരുന്ന് സ്വയം കൊറോണ ടെസ്റ്റ് നടത്താൻ പുതിയ സംവിധാനത്തിന് അനുമതി നൽകി അമേരിക്ക. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സ്വയം പരിശോധനാ കിറ്റിനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്. വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച് അര മണിക്കൂറിനുള്ളിൽ ഫലം അറിയാൻ സാധിക്കും എന്നതാണ് കിറ്റിന്റെ പ്രത്യേകത.

രാജ്യ വ്യാപകമായി കൊറോണ വീണ്ടും രൂക്ഷമായതോടെ പരിശോധന നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് പുതിയ സംവിധാനം. മൂക്കിൽ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതിൽ പരിശോധിക്കാം. ആരോഗ്യവിദഗ്ധർ വൈറസ് ബാധയേൽക്കാൻ സാധ്യത കൽപ്പിക്കുന്നവർക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാവാൻ സാധിക്കും. ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഈ പരിശോധനാ കിറ്റിന് അത്യാവശ്യ ഘട്ടത്തിൽ മാത്രം ഉപയോഗിക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.

ലൂസിറ ഹെൽത്ത് എന്ന കമ്പനിയാണ് ഈ പരിശോധനാ കിറ്റിന്റെ നിർമ്മാതാക്കൾ. 14 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് പരിശോധന നടത്താൻ സാധിക്കുക. തെറ്റായ ഫലങ്ങൾക്കുള്ള സാധ്യതയുള്ളതിനാൽ ലോകമാകെ ഈ ടെസ്റ്റിങ് മാർഗം സ്വീകരിക്കുന്നില്ല. മാത്രവുമല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയേക്കാം എന്ന പരിമിതിയും ഉണ്ട്.