ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ പരീക്ഷണത്തിന് സ്വയം സന്നദ്ധത പ്രകടിപ്പിച്ച് ഹരിയാന ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രി അനിൽ വിജ്. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. നവംബർ 20 നാണ് ഹരിയാനയിൽ പരീക്ഷണം ആരംഭിക്കുന്നത്.

ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭാരത് ബയോടെക് കമ്പനിയാണ് കൊവാക്‌സിൻ നിർമ്മിക്കുന്നത്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് 26000 പേരാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്ന ആദ്യത്തെ വാക്‌സിനാണ് കൊവാക്‌സിൻ.

ആദ്യ ഡോസ് നൽകി 28 ദിവസം നിരീക്ഷിച്ച ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക. വൊളന്റിയർമാരെ രണ്ട് ഭാഗമായി തിരിച്ച് ചിലർക്ക് കൊവാക്‌സിനും മറ്റു ചിലർക്ക് പ്ലാസിബൊ ട്രീറ്റ്‌മെന്റും നൽകി പരിശോധിക്കാനാണ് തീരുമാനം. ഇത് വാക്‌സിന്റെ പ്രതിരോധശേഷി തിരിച്ചറിയാൻ കൂടുതൽ സഹായകമാകും.

മുന്നാം ഘട്ട പരീക്ഷണവും വിജയിച്ചാൽ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കൊറോണ പ്രതിരോധ വാക്‌സിനാകും കൊവാക്‌സിൻ.