രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ മുപ്പതിനായിരത്തിന് താഴെയായി. 29,164 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂലൈ 14 ശേഷമാണ് പ്രതിദിന കേസ് മുപ്പതിനായിരത്തിന് താഴെയായി രേഖപ്പെടുത്തിയത്. അതേസമയം പ്രതിദിന പരിശോധനകൾ വീണ്ടും കുറഞ്ഞു. 8.50 ലക്ഷം പരിശോധകൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്.

ഡൽഹി, ബംഗാൾ, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ താരതമ്യേന കുറഞ്ഞതാണ് ദേശീയ കണക്കിലും പ്രകടമായത്. 88,74,291 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,30,519 ആയി. രോഗം ഭേദമായവരുടെ എണ്ണം 83 ലക്ഷത്തിന് അടുത്തെത്തി. 93.42 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,797 പേർക്കാണ് ഡൽഹിയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായി തുടരുന്നു.

ഡൽഹിയിൽ സാഹചര്യം ഇനിയും മോശമാകാൻ സാധ്യതയുണ്ടെന്ന് നീതി ആയോഗ് വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനാൽ മാർക്കറ്റുകൾ അടച്ചിടാനാണ് സർക്കാർ ആലോചിക്കുന്നത്.