ന്യൂയോര്‍ക്ക്∙കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ നടന്ന നാഷണല്‍ ഹിസ്റ്ററി ബീ ക്വിസ് കോംപറ്റീഷന്‍ റീജണല്‍ ഫൈനല്‍സില്‍ മലയാളിയായ ഒന്‍പതാം ക്ലാസുകാരന്‍ മാത്യു സി. മാമ്മന്‍ വിജയിയായി. ലോംഗ് ഐലന്‍ഡിലെ ലെവിടൗണ്‍ ഐലന്‍ഡ് ട്രീസ് ഹൈയ്‌സ് സ്കൂള്‍ വിദ്യാർഥിയാണ്.

സ്പ്രിംഗില്‍ ഷിക്കാഗോയില്‍ നടക്കേണ്ടിയിരുന്ന റീജണല്‍ ഫൈനല്‍ മല്‍സരം കോവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. ലോകചരിത്രം ആസ്പദമാക്കി ബസ്സര്‍ റൗണ്ടുകള്‍ ഒരുക്കിയാണ്ഹിസ്റ്ററി ബീ മല്‍സരം നടന്നത്.

ഈസ്റ്റ് കോസ്റ്റ് സംസ്ഥാനങ്ങളിലെ വിവിധ സ്കൂളുകളില്‍ പല റൗണ്ടുകളിലായി നടന്ന മല്‍സരങ്ങളില്‍ ജേതാക്കളായ വിദ്യാർഥികളോട് മാറ്റുരച്ചാണ് മാത്യു വിജയിച്ചത്. നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ന്യുയോര്‍ക്കില്‍ നിന്ന് മല്‍സരിക്കുവാന്‍ യോഗ്യത നേടിയ മൂന്നു വിദ്യാര്‍ത്ഥികളില്‍ ഒരാളാണു മാമ്മനെന്ന് ഐലന്‍ഡ് ട്രീസ് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

ലോംഗ് ഐലന്‍ഡില്‍ താമസിക്കുന്ന കുമ്പനാട് ചിറ്റഴേത്ത് മാമ്മന്‍ സി. മാത്യുവിന്റെയും ഷേര്‍ളി ചാക്കോയുടെയും മകനാണു മാത്യു. സെക്കന്റ് ഗ്രേഡ് വിദ്യാര്‍ത്ഥി ചാക്കോ സി. മാമ്മന്‍ സഹോദരന്‍.

ചിത്രകലയിലും താല്‍പര്യമുള്ള മാത്യു 2018ല്‍ ഐലന്‍ഡ് ട്രീസ് മിഡില്‍ സ്കൂള്‍ ഗോള്‍ഡണ്‍ ആര്‍ട്ട് അവാര്‍ഡ് ജേതാവാണ്.