സാൻ ഫ്രാൻസിസ്കോ∙ മാർത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി ‘സ്വർഗ്ഗ സംഗീതം’ എന്ന സംഗീത സന്ധ്യ നടത്തുന്നു. 2020 നവംബർ 21 ശനിയാഴ്ച കലിഫോർണിയ സമയം വൈകിട്ട് 6 മണിക്ക് നടക്കുന്ന ഈ ആത്‌മീയ സംഗീത സന്ധ്യയിൽ ക്രൈസ്തവ സമൂഹത്തിന് നൂറുകണക്കിന് ഗാനങ്ങൾ വരികളായും സംഗീതമായും നൽകിയ അനുഗ്രഹീത സംഗീതജ്ഞനായ പി. ഡി. ജോണിന്റെ തിരഞ്ഞെടുത്ത ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കും.

മലയാളി ക്രൈസ്തവ സമൂഹത്തിന്റെ മനസ്സുകളിൽ ആത്മീയതയുടെ മാസ്മരികത സൃഷ്ടിച്ച ദൈവത്തിന്റെ കയ്യൊപ്പുള്ള ആത്‌മീയ സംഗീതത്തതിന്റെ കുലപതിയാണ് പി. ഡി. ജോൺ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാന പ്രവർത്തനങ്ങളിൽ നിന്നും വിട്ടൊഴിഞ്ഞു മാനസാന്തരത്തിലൂടെ തന്റെ യൗവ്വന കാലയളവിൽ ക്രൈസ്തവ വിശ്വാസത്തിലേക്കുവന്ന പി. ഡി. ജോൺ അന്നും ഇന്നും യുവജനങ്ങൾക്ക്‌ ആവേശമാണ്.

അനേകായിരങ്ങൾ ഇന്നും ജീവിത പ്രയാസങ്ങളിൽ പി. ഡി. ജോൺ രചിച്ച അനുതാപത്തിന്റെയും ആശ്വാസത്തിന്റെയും വരികൾ ജീവിതാനുഭവങ്ങളോട് ചേർത്തുവച്ചു പാടുന്നു. ഈ സംഗീത സന്ധ്യയിൽ പി. ഡി. ജോൺ തത്സമയം ചേരുകയും ഓരോ ഗാനങ്ങളുടെയും പിന്നിലേ ആത്‌മീയനുഭവങ്ങൾ പങ്കുവെക്കുകയും അതോടൊപ്പം സാൻ ഫ്രാൻസിസ്കോ മാർത്തോമാ യുവജന സഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും അദ്ദേഹത്തെ ആദരിക്കുകയും ചെയ്യും. മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തകനായിരുന്ന പി. ഡി. ജോൺ എൺപത്തി മൂന്നാം വയസ്സിൽ തിരുവല്ലയിലെ സ്വഭവനത്തിൽ വിശ്രമജീവിതം നയിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആത്‌മീയ സംഗമം മാരാമൺ കൺവൻഷനിൽ പാടിപ്പതിഞ്ഞ ഒരുപിടി ഗാനങ്ങൾ പി. ഡി. ജോണിന്റെ തൂലികയിൽ നിന്നും ജന്മം കൊണ്ടതാണ്.

പാണ്ടനാട് മാർത്തോമ്മാ വലിയപള്ളി വികാരി റവ. കെ. എ. എബ്രഹാം കേരളത്തിൽ നിന്നുള്ള തത്സമയ പരിപാടികൾ ഏകോപിപ്പിച്ചു നേതൃത്വം നൽകും. റവ. ഡെന്നിസ് എബ്രഹാം (പ്രസിഡന്റ്), ടോം തരകൻ (വൈസ് പ്രസിഡന്റ്), ധന്യ എൽസാ മാത്യു (സെക്രട്ടറി), ഫെബി രാജു (ജോ.സെക്രട്ടറി), മെർലിൻ ചെറിയാൻ (ട്രഷറർ), അനു ഫിലിപ്, ഷൈജു വർഗീസ്, അനീഷ് ജോയ്‌സൺ, വിവേക് ചെറിയാൻ, കൃപാ ആശിഷ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ‘സ്വർഗ്ഗ സംഗീതം’ എന്ന പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്നു. വിവിധ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഈ ആത്‌മീയ സംഗീത സന്ധ്യ തത്സമയം സംപ്രേഷണം ചെയ്യും. ഈ പ്രത്യേക കാലഘട്ടത്തിൽ ആശ്വാസമായിമാറുന്ന സംഗീത മഴയിൽ മനസ്സുകൾ കുളിർന്ന് ആത്മീയ പുളകിതരായി മാറുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാർ അറിയിച്ചു.