ഷിക്കാഗോ ∙ ഷിക്കാഗോ സിറ്റിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി സിറ്റി മേയർ ലോറി ലൈറ്റ് ഫുട്ട്. നവംബർ 12 വ്യാഴാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മേയർ വീണ്ടും സിറ്റിയിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് നവംബർ 16 തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്ന് അറിയിച്ചത്. 30 ദിവസത്തേക്കാണ് ഉത്തരവ് നിലനിൽക്കുക.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വൻ വർധനവുണ്ടായതായും അടുത്ത ഏഴു ദിവസം വളരെ നിർണായകമാണെന്നും സിറ്റി ഹെൽത്ത് കമ്മീഷ്നർ അറിയിച്ചു. സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവിൽ വരുന്നതോടെ ഫേയ്സ് മാസ്ക്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും കർശനമായി പാലിക്കണമെന്നും മേയർ അഭ്യർഥിച്ചു.

നിയമം ലംഘിച്ചു, സ്വകാര്യ വീടുകളിൽ പോലും കൂട്ടം കൂടുകയോ, സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുകയോ ചെയ്താൽ ഫൈൻ ഇടനാകുന്നതിനും സിറ്റി ഉത്തരവിൽ വകുപ്പുകളുണ്ട്. പുറത്തും അകത്തും പത്തിൽ കൂടുതൽ പേർ കൂട്ടം ചേരരുതെന്ന് അറിയിച്ചിട്ടുണ്ട്.

നവംബർ 12 വ്യാഴാഴ്ച തുടർച്ചയായി മൂന്നാം ദിവസവും റിക്കാർഡ് കേസ്സുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തു 12,000 പുതിയ കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.