ഹരിപ്പാട്: ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതി കാ‍റപകടത്തില്‍ മരിച്ചു. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തില്‍ കാറില്‍ ലോറി ഇടിച്ചാണ് അപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

കൊല്ലം ശൂരനാട് നടുവിലെ മുറി അരുണോദയത്തില്‍ അഞ്ജു.വി. ദേവാണ് (26) മരിച്ചത്. അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുകാദേവി,​ സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം.

അഞ്ജുവും കുടുംബവും ഭര്‍ത്താവ് സുധീഷിന്റെ പെരുമ്ബാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റി എതിരെ വന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ജുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. നവംബര്‍ 3നാണ് ഇവരുടെ വിവാഹ വാര്‍ഷികം.