ചെന്നൈ: കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സിനിമാ തിയറ്ററുകള്‍ക്കും പ്രവര്‍ത്തനാനുമതി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌കൂളുകളും കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഈമാസം 16 മുതലും തിയറ്ററുകള്‍ക്ക്‌ 10 മുതലും പ്രവര്‍ത്തിക്കാം.
സ്‌കൂള്‍ തലത്തില്‍ ഒമ്ബതു മുതല്‍ 12 വരെ ക്ലാസുകള്‍ക്കാണ്‌ അനുമതി. സ്‌കൂള്‍, കോളജ്‌ ഹോസ്‌റ്റലുകള്‍ക്കും പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. സിനിമാ തിയറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുള്ള പ്രദര്‍ശനത്തിനാണു പച്ചക്കൊടി. മള്‍ട്ടിപ്ലക്‌സ്‌, ഷോപ്പിങ്‌ മാളുകളിലെ തിയറ്ററുകള്‍ എന്നിവയും തുറക്കാം. സിനിമാ ചിത്രീകരണത്തിന്‌ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ഇനിമുതല്‍ 150 പേരെ പങ്കെടുപ്പിക്കാം. നേരത്തെ 100 പേര്‍ക്കായിരുന്നു അനുമതി. അതേസമയം ഷൂട്ടിങ്‌ ലൊക്കേഷനുകളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്‌.

മൃഗശാലകള്‍, മ്യൂസിയങ്ങള്‍, എന്റര്‍ടെയ്‌ന്‍മെന്റ്‌, അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകള്‍ എന്നിവയ്‌ക്ക്‌ ഈമാസം 10 മുതല്‍ പ്രവര്‍ത്തിക്കാം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഊട്ടി, കൊടൈക്കനാല്‍, യേര്‍ക്കാട്‌ എന്നിവിടങ്ങളിലേക്കും പുതുച്ചേരിയിലേക്കും ഒഴികെ സംസ്‌ഥാനത്തിന്റെ മറ്റിടങ്ങളിലേക്കു പുറത്തുനിന്ന്‌ വരുന്നവര്‍ക്ക്‌ ഇ- രജിസ്‌ട്രേഷന്‍ സംവിധാനം തുടരും. ചെന്നൈയിലെ കോയമ്ബേട്‌ പഴം-പച്ചക്കറിച്ചന്തയുടെ പ്രവര്‍ത്തനം നാളെ മുതല്‍ പുനഃരാരംഭിക്കും. ആദ്യഘട്ടത്തില്‍ മൊത്തക്കച്ചവടത്തിനാണ്‌ അനുമതി. റീട്ടെയില്‍ കച്ചവടം 16 മുതല്‍ മൂന്നു ഘട്ടങ്ങളിലായി ആരംഭിക്കും.