കോഴിക്കോട്​: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പോളിറ്റ്​ ബ്യൂറോ അംഗം എം.എ ബേബി. ഏതെങ്കിലും ഉദ്യോഗസ്ഥരോ വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതി​െന്‍റ ഭവിഷ്യത്ത് അനുഭവിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്ക്​ പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്‍റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്കും ബാധകമാണ്. പക്ഷേ, അതിന്‍റെ പേരില്‍ സി.പി.എമ്മിനെ തകര്‍ത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീര്‍ഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളതെന്നും’ അദ്ദേഹം കുറിച്ചു.

എന്‍ ഐ എ അന്വേഷണത്തിന് ചുമതലപ്പെടുത്തപ്പെട്ടപ്പോള്‍ കേരളത്തിലെ സര്‍ക്കാരും സിപിഐഎമ്മും സര്‍വാത്മനാ സ്വാഗതം ചെയ്തു. പക്ഷേ, കള്ളക്കടത്തു തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരും അതിന്‍റെ അന്വേഷണ ഏജന്‍സികളും ദേശവിരുദ്ധമായ സാമ്പത്തികക്കുറ്റങ്ങള്‍ അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കാനല്ല, ആര്‍.എസ്.എസിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി ഈ അന്വേഷണങ്ങളെ എങ്ങനെ എങ്കിലും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാമോ എന്നതു മാത്രമാണ് നോക്കിയതെന്നും അദ്ദേഹം പറയുന്നു. രാജ്യതാല്പര്യത്തിനെതിരെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി നില്ക്കുന്ന ദേശവിരുദ്ധ ശക്തിയാണ് ആര്‍.എസ്.എസ് എന്ന് ഇവിടെയും വ്യക്തമാവുന്നു. കേന്ദ്ര അന്വേഷണഏജന്‍സികളുടെ ദുഷ്ടലക്ഷ്യങ്ങള്‍ വെളിപ്പെട്ടു കഴിഞ്ഞു. അധമരാഷ്ട്രീയലക്ഷ്യങ്ങള്‍ ആണ് ഈ അന്വേഷണങ്ങള്‍ക്കു പിന്നില്‍, രാജ്യതാല്പര്യമല്ല.

കേരളത്തിലെ ചില ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധജ്വരം കാരണം സിപിഐഎം വിരുദ്ധ നുണയുദ്ധത്തിന്‍റെ നടത്തിപ്പുകാരാകുന്നതാണ് കഴിഞ്ഞ കുറേ ദിവസമായി കാണുന്നത്. കേസിലെ പ്രതികള്‍ പറഞ്ഞതായി അന്വേഷണ ഏജന്‍സികള്‍ രഹസ്യമായി വെളിപ്പെടുത്തി എന്നു പറയപ്പെടുന്ന കഥകള്‍ വച്ചാണ് കഴിഞ്ഞ മൂന്നു മാസമായി സിപിഐഎം വിരുദ്ധ മസ്തിഷ്കപ്രക്ഷാളനത്തിനു ഇടതുപക്ഷവിരുദ്ധ തിരക്കഥാകൃത്തുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.