തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത നിഷേധിച്ച്‌ നടി മല്ലികാ സുകുമാരന്‍. തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയ വിള വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു പ്രചരണം. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

‘സ്ഥാനാര്‍ഥി ആകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വം സമീപിച്ചിട്ടില്ല. ഇത്തരമൊരു പ്രചരണം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ല’- മില്ലിക സുകുമാരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച സജീവമായി നടക്കുന്നതിനിടയിലാണ് മല്ലിക സുകുമാരന്‍ മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിച്ചത്. അതേസമയം താന്‍ ഒരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരുന്നു.