തിരുവനന്തപുരം: കോവിഡ്-19 കേസുകള്‍ വര്‍ധിച്ച സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സിആര്‍പിസി 144 പ്രകാരം ഒക്ടോബര്‍ 31വരെ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കാരിക്കെ ചില ജില്ലകള്‍ നിരോധനാജ്ഞ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ പുറത്തിറക്കി.

മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ നീട്ടിയത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ള തിരുവനന്തപുരത്ത് നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്ന തോതില്‍ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ 15 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയതായി കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. നവംബര്‍ 15വരെയാകും നിരോധനാജ്ഞ. പത്തനംതിട്ടയിലും നവംബര്‍ 15വരെ നിരോധനാജ്ഞ നീട്ടി. നിലവിലേതിന് സമാനമായി വിവാഹ ചടങ്ങുകളില്‍ 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ. പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ 15 ദിവസം കൂടി നീട്ടി. ആള്‍ക്കൂട്ടങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ആലപ്പുഴയിലും മലപ്പുറത്തും നിരോധനാജ്ഞ നവംബര്‍ 15വരെ തുടരും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനൊപ്പം സാമുഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷന്‍ എന്നീ സുരക്ഷാ മാര്‍ഗങ്ങങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

ഒക്ടോബര്‍ മൂന്നിനാണ് കേരളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31 രാത്രി 12വരെ 144 നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ ജില്ല കളക്ടര്‍മാര്‍ക്ക് തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു