ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 48,268 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് കോവിഡ് കേസുകള്‍ 81ലക്ഷം കടന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച്‌ ഇതുവരെ 81,37,119 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 74,32,829 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

പ്രതിദിന കണക്കില്‍ കുറവ് വരുന്നതും രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 59,454 പേരാണ് രോഗമുക്തി നേടിയത്. സജീവ കോവിഡ് കേസുകള്‍ ആറുലക്ഷത്തില്‍ താഴെയായി എന്നതും മറ്റൊരു ആശ്വാസ വാര്‍ത്തയാണ്. നിലവില്‍ 5,82,649 ആക്ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.

മരണനിരക്ക് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ കുറവാണെങ്കിലും ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് ദിനംപ്രതി അഞ്ഞൂറിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 551 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,21,641 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്.

ആകെ രോഗികളുടെ കണക്കെടുത്താല്‍ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളെയാണ് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ ബാധിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 16,72,411 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. നിലവില്‍ ഇവിടെ പ്രതിദിന കണക്കില്‍ കുറവ് വന്നിട്ടുണ്ടെന്നത് ആശ്വാസം നല്‍കുന്നുണ്ട്.

കോവിഡ് പ്രതിദിന കണക്കില്‍ രാജ്യത്ത് മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സജീവ കേസുകളിലും ആദ്യ സ്ഥാനങ്ങളില്‍ തന്നെ കേരളം ഉള്‍പ്പെട്ടിട്ടുണ്ട്. . 7828 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കേരളത്തില്‍ ഇതുവരെ 425122 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,32,994 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 90,565 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 1457 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.