വാളയാറില്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ നീതി തേടി അമ്മ നടത്തുന്ന സമരം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി ഇന്ന് സമരപന്തലില്‍ എത്തും.

സമരത്തിന് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച്‌ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഇന്ന് അട്ടപ്പള്ളത്ത് ഉപവാസമിരിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ച്‌ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് മുന്നില്‍ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇവിടെ എത്തിയിരുന്നു. ഒരാഴ്ചത്തെ സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് സമരം വ്യാപിപ്പിക്കാനാണ് പെണ്‍കുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.