ബംഗളൂരു : ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടില്‍, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ പന്ത്രണ്ടര മണിക്കൂറാണ് ഇ.ഡി ബിനീഷിനെ ചോദ്യം ചെയ്തത്. നിര്‍ണായക വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതി അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. മൂന്നരക്കോടിയോളം രൂപ അക്കൌണ്ടുകള്‍ വഴി കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ബിനീഷാണ് തന്‍റെ ബോസെന്നും അയാള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളുവെന്നും അനൂപ് മൊഴി നല്‍കിയതായി ഇ.ഡി അറിയിച്ചു. പണത്തിന്‍റെ ഉറവിടം സംബന്ധിച്ചാണ് ബിനീഷിനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.എന്നാല്‍ ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിയ്ക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് അറിയിച്ചു. ഇന്നലത്തെ ചോദ്യം ചെയ്യലിനു ശേഷം ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പൊലിസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഇ‍.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗളൂരുവിലെ ലഹരി മരുന്ന് വില്‍പനക്കായി ബിനീഷ് സാമ്പത്തിക സഹായം ചെയ്തിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതിലൂടെയാണ് സാമ്പത്തിക ഇടപാടില്‍ ബിനീഷിന്‍റെ പങ്ക് വ്യക്തമായത്. ഹോട്ടല്‍ ബിസിനസിനായി ബിനീഷ് ആറുലക്ഷം രൂപ നല്‍കിയെന്ന ആദ്യ മൊഴി, തുടര്‍ ചോദ്യം ചെയ്യലില്‍ അനൂപ് മുഹമ്മദ് മാറ്റി.