അങ്കാറ: തുര്‍ക്കിയില്‍ ഏജിയന്‍ തീരത്ത് ഉണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 22 ആയി. മരണനിരക്ക് വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ശക്തമായ ഭൂചലനത്തില്‍ 200ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രീക്ക് ദ്വീപായ സാമോസിന് വടക്കുഭാഗത്തായാണ് ഭൂകമ്ബമാപിനിയില്‍ തീവ്രത 7.0 രേഖപ്പെടുത്തിയ വന്‍ഭൂചലനമുണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

പടിഞ്ഞാറന്‍ ഇസ്മിര്‍ പ്രവിശ്യയുടെ തീരത്തു നിന്ന് 17 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്ബത്തിന്‍്റെ പ്രഭവകേന്ദ്രമെന്നും ദൂരപ്രദേശങ്ങളായ ഏതന്‍സിലും ഇസ്താംബൂളിലും ഭൂചലനം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്ബത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ തുര്‍ക്കി മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

ഭൂകമ്ബങ്ങള്‍ ഗ്രീസിലും തുര്‍ക്കിയിലും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെങ്കിലും ഇത്ര തീവ്രമായ ചലനം അപൂര്‍വമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്നവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിബിസി വ്യക്തമാക്കി.