കൊച്ചി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശി പി എല്‍ ജേക്കബ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം എന്നാണ് ഇദ്ദേഹം ഹര്‍ജിയുടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ 2014-ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി ബാര്‍ മുതലാളിമാരുടെ സംഘടനയില്‍ നിന്ന് കോഴവാങ്ങിയെന്ന കേസ് രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ വിവാദമായിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.