അൻകാര : തുർക്കിയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി. തീരദേശ പ്രവിശ്യയായ ഇസ്മിറിൽ വൈകീട്ടോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.

ഗ്രീക്ക് ദ്വീപസമൂഹമായ സമോസിൽ നിന്നും 13 കിലോ മീറ്റർ വടക്കു കിഴക്കായി 16.5 കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് തുർക്കി ഡിസാസ്റ്റർ ആന്റ് എമർജൻസി മാനേജ്‌മെന്റ് പ്രെസിഡൻസി അറിയിച്ചു. അതേ സമയം ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമാണ് ഇസ്മിർ. ഭൂചലനത്തിൽ നഗരത്തിലെ ആറോളം കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. നിരവധി വീടുകൾക്കും, കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഭൂചലനത്തിൽ ഇസ്മിറിന്റെ സമീപ നഗരങ്ങളായ ബോർനോവ, ബ്യാരക്ലി എന്നിവിടങ്ങിലും നാശ നഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ടുകൾ. ഗ്രീക്കിന്റെ തലസ്ഥാനമായ ഏതൻസിലും പ്രകമ്പനം ഉണ്ടായി.