പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലെ ഫിക്സ്ചര്‍ പുറത്തിറക്കി. നവംബര്‍ 20 ന് ഗോവയിലാണ് കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. 2020-21 എഡിഷന്‍ ഐഎസ്എല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഗോവയില്‍ മാത്രമാകും മത്സരങ്ങളുണ്ടാവുക. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം – ഫതോര്‍ഡ്, ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.

നവംബര്‍ 26 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13 ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും. 11 ടീമുകളാണ് ഐഎസ്എല്ലില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകളായത്. നിലവില്‍ ടീമുകള്‍ ഗോവയില്‍ എത്തിയിട്ടുണ്ട്.

ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കന്‍ ആദ്യ മത്സരത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇത്തവണ അരങ്ങേറ്റം കുറിക്കും. എടികെയും ഐലീഗ് ക്ലബ് മോഹൻ ബഗാനും ലയിച്ചതോടെയാണ് എടികെ മോഹൻ ബഗാൻ ഐഎസ്എല്ലിൻ്റെ ഭാഗമാകുന്നത്.

രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്‌സിയും ഏറ്റുമുട്ടും. 22നാണ് എഫ്‌സി ഗോവ-ബംഗളൂരു എഫ്‌സി പോരാട്ടം. 27ന് ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും നേര്‍ക്കുനേര്‍ വരും. ആദ്യ 11 റൗണ്ടുകളിലെ ഫിക്സ്ചര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്.