ന്യൂയോര്‍ക്ക്: പലചരക്ക് കടകളില്‍ പോയി സാധനം വാങ്ങുന്നതും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വിമാനയാത്രയേക്കാള്‍ അപകടമെന്ന് പഠനം. ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. ഹാര്‍വാഡിലെ പൊതുജനാരോഗ്യവിഭാഗമാണ് ഏവിയേഷന്‍ പബ്ലിക് ഹെല്‍ത്ത് ഇനേഷ്യേറ്റീവ് എന്ന് പേരിട്ടിട്ടുള്ള ഗവേഷണം നടത്തിയത്.
ശരിയായ രീതിയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുകയാണെങ്കില്‍ വിമാനയാത്രയിലെ കൊവിഡ് വ്യാപനത്തിന്റെ തോത് ഗണ്യമായി കുറക്കാനാവുമെന്ന് പഠനം വെളിപ്പെടുത്തി.

കൈകള്‍ കഴുകുക, വിമാനം അണുവിമുക്തമാക്കുക, സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവ ഉപയോഗിക്കുക തുടങ്ങിയവയാണ് പഠനം നിഷ്‌കര്‍ഷിക്കുന്നത്. ഇതൊക്കെ പാലിച്ചാല്‍ പലചരക്ക് വാങ്ങുമ്പോളും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ സംഭവിക്കുന്ന വൈറസ് വ്യാപനത്തേക്കാള്‍ കുറവാണ് ഇതെന്നും പഠനം പറയുന്നു.

ശരിയായ പഠനവും ബോധവല്‍ക്കരണവുമാണ് ഏറ്റവും ഫലപ്രദം. അത് എല്ലാ തലത്തിലും ചെയ്യണം. യാത്രാസമയത്ത് മാത്രമല്ല, ബുക്കിങ് മുതല്‍ സുരക്ഷാപരിശോധനയുടെ സമയത്തുവരെ പാലിക്കണം. വിമാനയാത്രക്കാര്‍ക്കു പുറമെ വിമാനജീവനക്കാര്‍ക്കും പരിശീലനം നല്‍കണം.

ആഗോള കൊവിഡ് വ്യാപനം 45 ദശലക്ഷത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരമൊരു പഠനം പുറത്തുവന്നിട്ടുളളതെന്നതും ശ്രദ്ധേയമാണ്.

ലോകത്ത് ഇതുവരെ 11,87,029 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്ത്യയില്‍ 1,21,090 പേരും മരിച്ചു. 80,88,851 കൊവിഡ് ബാധിതരാണ് ഇന്ത്യയിലുള്ളത്.