കോഴിക്കോട്: മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കൊടിയേരി അറസ്റ്റിലായത് മയക്കു മരുന്ന് ലോബിക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

ബിനീഷ് കൊടിയേരിയുടെ പിന്തുണയോടെയാണ് മയക്കുമരുന്ന് ഇടപാട് നടത്താന്‍ അനൂപ് മുഹമ്മദ് ബാംഗ്ലൂരില്‍ റസ്റ്റോറന്റ് തുടങ്ങിയതെന്നും അതേ വര്‍ഷം ബിനീഷ് കൊടിയേരി ബാംഗ്ലൂരില്‍ മണി എക്‌സ്‌ചേഞ്ച് സ്ഥാപനവും ഫിനാന്‍സ് കമ്ബനിയും തുടങ്ങിയെന്നും ഫിറോസ് പറഞ്ഞു. ഇതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ പണം നല്‍കിയത് കടമായിട്ടാണെന്നും തന്റെ പേരില്‍ കമ്പനികള്‍ ഇല്ലെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം.

മയക്കു മരുന്ന് ഇടപാടുകാരുമൊത്ത് ലോക്ക് ഡൗണില്‍് കുമരകത്ത് നിശാപാര്‍ട്ടി നടത്തിയതിന്റെ തെളിവുകള്‍ നല്‍കിയിട്ടും അന്വേഷണം പോലും പ്രഖ്യാപിക്കാത്തതിന് സി.പി.എം കേരളത്തോട് മാപ്പു പറയണം. ബിനീഷ് കൊടിയേരിക്ക് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത് പി കെ ഫിറോസ് ആയിരുന്നു.