വാഷിങ്ടൻ ∙ വാഷിങ്ടനിൽ സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന മിഷേൽ ഡിഗൻ തന്റെ ഏഴു വയസ്സുള്ള ഇരട്ട പെൺകുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു. വെള്ളിയാഴ്ച വൈകിട്ട് സഡൻവാലിയിലെ വീട്ടിലായിരുന്നു ദാരുണ സംഭവം.

തൊട്ടടുത്ത ദിവസം സമീപവാസി അറിയിച്ചതിനെ തുടർന്ന് പരിശോധനക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
>മുൻ സുഹൃത്തായിരുന്ന കുട്ടികളുടെ പിതാവുമായി കുട്ടികളുടെ അവകാശം സംബന്ധിച്ചു കോടതിയിൽ കേസു നടന്നുവരുന്നതിനിടയിലാണ് മിഷേൽ ഈ ക്രൂരകൃത്യത്തിനു മുതിർന്നത്. കുട്ടികളെ വിട്ടുകൊടുക്കേണ്ടിവരുമോ എന്ന ആശങ്ക ഇവർക്കുണ്ടായിരുന്നതായി മിഷേലിന്റെ സഹപ്രവർത്തകർ പറയുന്നു.

കുട്ടികളെ ഒരിക്കൽ പോലും ഉപദ്രവിച്ചിട്ടില്ലാത്ത മിഷേലിന്റെ സ്വഭാവത്തെ കുറിച്ചു സഹപ്രവർത്തകർക്കും സമീപവാസികൾക്കും വലിയ മതിപ്പായിരുന്നു. സമീപ കാലത്തായി ഇവർ മാനസിക തകർച്ചയിലായിരുന്നുവെന്നും കുട്ടികളെ കുറിച്ചുള്ള ചിന്ത മിഷേലിനെ അലട്ടിയിരുന്നതായും അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കി.