അവതാരകയും ചലച്ചിത്ര നടിയുമായ പേർളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലുഡോയുടെ ട്രെയിലർ പുറത്ത്. നെറ്റ്‌ഫ്ലിക്സ് ഇന്ത്യയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ റിലീസായത്. ഒരു പട്ടണത്തിൽ സമാന്തരമായി നടക്കുന്ന നാല് കഥകളാണ് ചിത്രത്തിൻ്റെ പ്രമേയം. നവംബർ 12 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമ സിനിമ സ്ട്രീം ചെയ്ത് തുടങ്ങും.

പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ലുഡോയിൽ അഭിഷേക് ബച്ചൻ, രാജ്‌കുമാർ റാവു, ആദിത്യ റോയ് കപൂർ, ഫാതിമ സന ഷെയ്ഖ്, സാന്യ മൽഹോത്ര തുടങ്ങി ശ്രദ്ധേയരായ ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷൺ കുമാർ, ദിവ്യ ഖോസ്‌ല കുമാർ, തനി സോമാരിറ്റ ബസു, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചിത്രം 2020 ഏപ്രിൽ 24നു റിലീസാകുമെന്നാണ് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെക്കുകയായിരുന്നു.

കൈറ്റ്സ്, ബർഫി തുടങ്ങിയ മികച്ച സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് ബസു. അവസാന ചിത്രമായ ജഗ്ഗ ജാഗൂസ് ഒരു വ്യത്യസ്ത ശ്രമമായിരുന്നുവെങ്കിലും ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു.