തിരുവനന്തപുരം> ശബരിമല തീര്ത്ഥാടകര്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയതുപോലെ അവിടെ ജോലി ചെയ്യുന്നവരും നെഗറ്റീവ് സര്ട്ടിഫിക്കറ്റ് എടുക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില് മണ്ഡല മകരവിളക്ക് തീര്ത്ഥാടനകാലം വരാനിരിക്കുകയാണ്. ദര്ശനത്തിന് ദിവസം 1000 തീര്ത്ഥാടകര് എന്ന രീതിയിലാണ് ക്രമീകരിക്കുന്നത്.

അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീര്ത്ഥാടകരുടെ എണ്ണം വര്ധിപ്പിക്കേണ്ടതായി വന്നേക്കാം. അവിടെ വരുന്ന ഗസ്റ്റിന്റെ കാര്യത്തിലും എണ്ണം അധികരിക്കാതെ നോക്കേണ്ടതുണ്ട്. ആനുപാതികമായിരിക്കണം അവരുടെയും പ്രവേശനം. ഇക്കാര്യം ബന്ധപ്പെട്ടവര് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില് നിന്നു വരുന്ന ശബരിമല തീര്ത്ഥാടകര് കോവിഡ് രോഗബാധിതരായാല് ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാന് തയ്യാറാവുന്നവര്ക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നല്കും. മടങ്ങിപ്പോകുന്നവര്ക്ക് യാത്രാ സൗകര്യങ്ങള് ഒരുക്കാനും വേണ്ട സംവിധാനങ്ങള് തയ്യാറാക്കാന് നിര്ദേശം നല്കിയതായി മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി.