ഹത്‌റാസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) സുപ്രിം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സിദ്ദീഖ് കാപ്പനെ കാണാന്‍ ഇതുവരെ അഭിഷകന് അനുമതി നല്‍കാത്തതിനാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്ന് കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.

സിദ്ദിഖുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കാന്‍ അഭിഭാഷകനെ അനുവദിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. മഥുര ജയിലിലെ സാഹചര്യം അത്യന്തം ഭീതിതമാണെന്നും അക്കാര്യം പരിശോധിക്കണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

ഹത്റാസ് കൂട്ടബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോഴാണ് സിദ്ദിഖ് കാപ്പന്‍ അടക്കം നാല് പേരെ ഉത്തര്‍പ്രദേശ് പൊലീസ് ഒക്ടോബര്‍ ആദ്യ ആഴ്ച കസ്റ്റഡിയില്‍ എടുക്കുന്നത്. സിദ്ദിഖ് കാപ്പനെ കൂടാതെ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാന്‍ജിയും യുപി സ്വദേശിയുമായ അഥീഖുര്‍ റഹ്മാന്‍, ജാമിഅ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറിയുമായ മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ, രാജ്യദ്രോഹം അടക്കമുളള വകുപ്പുകള്‍ യുപി പൊലീസ് ചുമത്തിയിരുന്നു.