വ്യക്തിപരമായ നിലയില്‍ എം ശിവശങ്കര്‍ നടത്തിയ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ കോണ്‍സുലേറ്റ് ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം. ആ അവസരത്തില്‍ എംബസിയിലെ കോണ്‍സുല്‍ ജനറലും അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരുമായും ഇടപെടാന്‍ അവസരമുണ്ടായിട്ടുണ്ടാകാം. സ്വാഭാവികമായും ചില യോഗങ്ങളില്‍ കോണ്‍സുല്‍ ജനറലിനെയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കണ്ടിട്ടുമുണ്ടാകാം. അതിനെ സാധാരണ നടപടിക്ക് അപ്പുറമുള്ള മാനങ്ങള്‍ കാണുന്നത് ദുര്‍വ്യാഖ്യാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം. ശിവശങ്കറിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്യത്യമായ എന്തെങ്കിലും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഇത്തരം രീതി അവലംബിക്കുന്നത്. ക്രമവിരുദ്ധമായ ഒരു ഇടപാടും സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വമോ നടത്തിയിട്ടില്ല. അങ്ങനെയൊന്നും ചൂണ്ടിക്കാണിക്കാന്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടുമില്ല,. വ്യക്തിപരമായ നിലയില്‍ എം ശിവശങ്കര്‍ നടത്തിയ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ നിയമപരമായോ ധാര്‍മികമായോ ഒരു ഉത്തരവാദിത്വവും സര്‍ക്കാരിനില്ല. ഒരു നിയമലംഘനത്തെയും ഒരുഘട്ടത്തിലും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.