അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ആരോപിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമപരമായ നടപടികളെ തമസ്‌കരിക്കാം എന്ന വ്യാമോഹമാണ് കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞുപിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നലത്തെ സംഭവ വികാസങ്ങള്‍ക്കിടയില്‍ അതിന്റെ തീവ്രത കൂട്ടാനുള്ള ശ്രമവുമുണ്ട്. എന്നാല്‍ ഒരു കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ചുവാഴിക്കില്ല. പ്രയാസം അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസം എത്തിക്കുകയും നാടിന്റെ വികസനത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. നാടിന്റെ ജീവിതാനുഭവത്തിലൂടെ ആ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുറേ നാളായി നടന്നുവരുന്ന ഈ പ്രവണതയ്ക്ക് ആക്കം കൂടിയത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്. അവിടം തൊട്ടുള്ള കാര്യങ്ങള്‍ വസ്തുതാപരമായി പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിനുള്ളില്‍ ഒളിപ്പിച്ചുവന്ന 14 കിലോ സ്വര്‍ണം കണ്ടെത്തുകയുണ്ടായി. ഇത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണ്. കസ്റ്റംസ് ഇന്ത്യന്‍ ഭരണഘടനയുടെ ഷെഡ്യൂള്‍ ഏഴിലെ യൂണിയന്‍ ലീസ്റ്റിലെ വിഷമാണ്. മറ്റൊരു അര്‍ത്ഥത്തില്‍ രാജ്യാതിര്‍ത്തി കടന്നുവരുന്ന സാധന സാമഗ്രികള്‍ക്ക് നിയമപ്രകാരമുള്ള ഡ്യൂട്ടി അടച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്റെ ധനമന്ത്രാലയത്തിനാണ്. കസ്റ്റംസ് അവരുടെ ജോലിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടി അടയ്ക്കാതെ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്. ഇതില്‍ കോണ്‍സുല്‍ ജനറല്‍ കാര്യാലയവുമായി ബന്ധപ്പെട്ട ചിലരെ പ്രതിചേര്‍ത്ത് കസ്റ്റംസ് പ്രതിചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു പ്രതിയുമായി കേരളാ കേര്‍ഡറിലെ അന്വേഷണ ഉദ്യോഗസ്ഥനായ എം. ശിവശങ്കറിന് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും സേവനം അനുഷ്ടിച്ചുവന്ന ശിവശങ്കറിനെ അടുപ്പമുണ്ടായിരുന്നുവെന്ന് കണ്ടപ്പോള്‍ തന്നെ പദവിയില്‍ നിന്ന് മാറ്റി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. വകുപ്പുതല അന്വേഷണം നടക്കുന്നുമുണ്ട്. ഈ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.