കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുരുക്കിലേക്ക്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കേസിൽ അഞ്ചാം പ്രതിയാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കറിനെ പ്രതിയാക്കിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത സ്വർണ്ണം വിട്ടുകിട്ടാൻ കസ്റ്റംസിനെ ശിവശങ്കർ വിളിച്ചിരുന്നുവെന്ന് ഇഡി തയ്യാറാക്കിയ അറസ്റ്റ് മെമ്മോയിൽ പറയുന്നുണ്ട്. ഇതിനൊപ്പം സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങൾ ചാർട്ടേഡ് അക്കൌണ്ടന്റിനെ വച്ച് ശിവശങ്കർ നിയന്ത്രിച്ചിരുന്നുവെന്നും ഇഡി പറയുന്നുണ്ട്.

അതേസമയം, ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ വിട്ടു. 7 ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയിൽ വിട്ടത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മാസം നാലാം തീയതി കോടതിയിൽ വീണ്ടും ഹാജരാക്കണം. ആവശ്യപ്പെട്ടാൽ മകൻ, സഹോദരൻ , ഭാര്യ എന്നിവരെ കാണാൻ അനുമതി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യൽ തടസപ്പെടുത്താതെ ആവശ്യപ്പെട്ടാൽ ആയുർവേദ ചികിത്സ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.