ന്യൂയോർക്ക്∙കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ പിൻഗാമിയായി മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ 22- ാം മെത്രാപ്പോലീത്തായായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ നവംബർ 14 ന് സ്ഥാനം ഏൽക്കും.

ഇന്നലെ (ഒക്ടോബർ 27) സഭയുടെ ആസ്ഥാനമായ തിരുവല്ലായിൽ ചേർന്ന എപ്പിസ്കോപ്പൽ സിനഡ് ആണ് തീരുമാനം എടുത്തത്. നവംബർ 14 ശനിയാഴ്ച സഭാ അസ്ഥാനത്തുള്ള ഡോ.അലക്‌സാണ്ടർ മാർത്തോമ്മ സ്മാരക ഓഡിറ്റോറിയത്തിൽ കൂദാശ ചെയ്ത താൽക്കാലിക മദ്‌ബഹായിൽ രാവിലെ 8നു നടത്തുന്ന വിശുദ്ധ കുർബ്ബാന ശുശ്രുഷയോടനുബന്ധിച്ചാണ് ചടങ്ങുകൾ നടത്തപ്പെടുക.

അന്നേ ദിവസം രാവിലെ 11നു നടത്തുന്ന അനുമോദന സമ്മേളനത്തിൽ പ്രമുഖ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോൾ നിയമം അനുസരിച്ചായിരിക്കും ചടങ്ങുകൾ നടത്തപ്പെടുക എന്നു സഭാ സെക്രട്ടറി റവ.കെ.ജി ജോസഫ് അറിയിച്ചു.

കൊല്ലം അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മ ഇടവകയിൽ കിഴക്കേചക്കാലയിൽ ഡോ.കെ.ജെ ചാക്കോയുടെയും, മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 19 ന് ജനിച്ച ബിഷപ് ഡോ.മാർ തിയഡോഷ്യസ് 1973 ഫെബ്രുവരി 24 ന് സഭയിലെ വൈദികനായി.1989 ഡിസംബർ 9 ന് സഭയിലെ മേല്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് എപ്പിസ്കോപ്പയായി.

സഭയുടെ കുന്നംകുളം – മലബാർ, തിരുവനന്തപുരം – കൊല്ലം, ചെന്നൈ – ബാംഗ്ളൂർ, മലേഷ്യ- സിംഗപ്പൂർ – ഓസ്ടേലിയ, നോർത്ത് അമേരിക്ക – യൂറോപ്പ്, മുംബൈ, റാന്നി – നിലക്കൽ തുടങ്ങിയ ഭദ്രാസനങ്ങളിൽ ഭദ്രാസനാധിപൻ ആയി സേവനം അനുഷ്ഠിച്ചു. 2020 ജൂലൈ 12 ന് ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി ഡോ.മാർ തിയഡോഷ്യസിനെ ഉയർത്തി.

കോട്ടയം എംടി സെമിനാരി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും,കോട്ടയം ബസേലിയോസ് , തിരുവല്ലാ മാർത്തോമ്മ എന്നീ കോളേജുകളിലെ വിദ്യാഭ്യാസത്തിനു ശേഷം ജബൽപൂർ ലിയോനാർഡ് തിയോളജിക്കൽ കോളജിൽ നിന്ന് വൈദീക വിദ്യാഭ്യാസവും, ശാന്തിനികേതൻ വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ നിന്ന് മതങ്ങളുടെ താരതമ്യ പഠനത്തിൽ മാസ്റ്റേഴ്സും, കാനഡയിലെ മക് മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് സമൂഹ നവോത്‌ഥാനത്തിൽ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പഠനത്തിന് ഡോക്ടറേറ്റും സമ്പാദിച്ചു.

ഉത്തമവും ഉദാത്തവുമായ ജീവിത ശൈലിയിലൂടെയും, കർമ്മനിരതമായ പ്രവർത്തനരീതിയിലൂടെയും സഭയെ നയിക്കുന്ന ധന്യവും ചൈതന്യവക്തായ വ്യക്തിപ്രഭാവവും, ശാന്തസുന്ദരമായ പെരുമാറ്റവും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയാണ് നിയുക്ത മാർത്തോമ്മ മെത്രാപ്പോലീത്താ.

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിൽ 2009 ജനുവരി മുതൽ 2016 ഏപ്രിൽ വരെ ഭദ്രാസനാധിപനായിരുന്ന ബിഷപ് ഡോ.മാർ തിയഡോഷ്യസ് മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി നവംബർ 14 ന് സ്ഥാനം ഏൽക്കുന്നത് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന് ധന്യനിമിഷങ്ങൾ ആണ്.