ന്യൂയോർക്ക്∙ പ്രവാസി മലയാളി ഫെഡറേഷൻ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കേരള പിറവി ആഘോഷിക്കുന്നു .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു വെർച്ചൽ സ്റ്റുഡിയോയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുന്നിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ മികച്ച പ്രവാസി കർഷകനെയും, കേരളത്തിലെ മികച്ച കർഷകനെയും ആദരിക്കും.

പ്രവാസി മലയാളി ഫെഡറേഷന്റെ ലോഗോ പ്രകാശനവും ഫ്ലാഗും പ്രവാസി മലയാളി ഫെഡറേഷന്റെ ടൈറ്റിൽ സോങ്ങും പ്രകാശനവും നടക്കും. പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയും ടി വി സംസ്കാരയുടെ ചെയർമാനുമായ മോൺസൺ മാവുങ്കലിന്റെ നേതൃത്വത്തിൽ ആണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ സ്വാഗതം പറയുന്ന പരിപാടിയിൽ പ്രവാസി മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി മാത്യു അധ്യക്ഷത വഹിക്കും. സംസ്ഥാന കോഡിനേറ്റർ ബിജു കെ തോമസ് അതിഥികളെ പരിചയപ്പെടുത്തും. തീം സോങ്ങ് എറണാകുളം ജില്ലാ കളക്ടർ പ്രകാശനം നിർവഹിക്കും.