ഫിലഡൽഫിയ ∙ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ ദേശീയ സുരക്ഷിതത്വത്തിന് ഭീഷിണിയുയർത്തുന്ന നമ്പർ വൺ രാജ്യം ചൈനയാണെന്ന് യുണൈറ്റഡ് നാഷൻസ് മുൻ അമേരിക്കൻ അംബാസിഡറും ട്രംപ് ഭരണത്തിൽ കാബിനറ്റ് പദവി ലഭിച്ച ആദ്യ ഇന്ത്യൻ വംശജയുമായ നിക്കി ഹാലി അഭിപ്രായപ്പെട്ടു.

ഫിലഡൽഫിയയിൽ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു നിക്കി. പ്രസിഡന്റ് ട്രംപിന്റെ 4 വർഷ ഭരണത്തിനുള്ളിൽ ഇന്ത്യയുമായി സ്ഥാപിച്ച ശക്തമായ കൂട്ടുകെട്ട്, ട്രംപിന്റെ വിദേശ നയം, ചൈനയെ കൈകാര്യം ചെയ്തത്, പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്തൽ ചെയ്തത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു നിക്കി വിശദീകരിച്ചു.

അമേരിക്കയിലെ മുൻ പ്രസിഡന്റുമാരിൽ നിന്നും തികച്ചും വ്യത്യസ്ഥമായി ട്രംപ് സർക്കാരിന്റെ വിദേശനയം, സാമ്പത്തിക വളർച്ച, കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് എന്നിവ പ്രത്യേകം പ്രശംസാർഹമാണെന്ന് നിക്കി പറഞ്ഞു.

ഇന്ത്യയോടും ഇന്ത്യൻ ജനതയോടും ട്രംപ് പ്രകടിപ്പിച്ച അനുകമ്പ, പ്രധാനമന്ത്രിയുമായുള്ള അടുത്ത സുഹൃദ്ബന്ധം എന്നിവ തുടരണമെങ്കിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരേണ്ടതാണെന്ന് നിക്കി കൂട്ടിച്ചേർത്തു. ചൈനയിൽ നിന്നും വന്ന മഹാമാരിയെ നേരിടുന്നതിന് ആസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾകൊത്ത് ഇന്ത്യയുമായി സഹകരിക്കുന്നതിന് അമേരിക്ക മുൻകൈ എടുത്തിരുന്നു.

ചൈനയെ നിലക്ക് നിർത്താൻ കഴിയുന്ന ഏകരാഷ്ട്ര തലവൻ ട്രംപ് മാത്രമാണ്. ഭീകര പ്രവർത്തനങ്ങളുടെ പറുദീസയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് നൽകിയിരുന്ന സാമ്പത്തിക സഹായം ട്രംപ് നിർത്തൽ ചെയ്തു. ചൈന ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ ട്രംപ് ഇന്ത്യക്കൊപ്പം നിൽക്കുമെന്നത് ചൈനയെ ഭയപ്പെടുത്തുന്നുണ്ടെന്നും നിക്കി പറഞ്ഞു.