കൊറോണ വൈറസ് വാക്സിന്‍ ഈ വര്‍ഷം തന്നെ ലഭ്യമാക്കാനായേക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച്‌ ഫാര്‍മ ഭീമന്‍മാരായ ഫിസര്‍. ക്ലിനിക്കല്‍ പരിശോധന കൃത്യമായി തുടരാനാകുകയും വാക്സിന് ആവശ്യമായ അനുമതികള്‍ ലഭിക്കുകയും ചെയ്താല്‍ യുഎസില്‍ 2020ല്‍ തന്നെ 40 ദശലക്ഷം ഡോസും അടുത്തവര്‍ഷം മാര്‍ച്ചോടെ 100 ദശലക്ഷം ഡോസ് വാക്സിനും വിതരണം ചെയ്യാനാകുമെന്നാണ് ഫിസര്‍ ചീഫ് എക്സിക്യൂട്ടീവ് ആല്‍ബര്‍ട്ട് ബൗര്‍ല അവകാശപ്പെടുന്നത്.

എന്നാല്‍ വാക്സിന്റെ ഫലപ്രാപ്തി വിലയിരുത്തുന്ന മാനദണ്ഡങ്ങളില്‍ കമ്പനി ഇപ്പോഴും എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് 19തിനെതിരെ ഒന്നിലധികം വാക്സിനുകള്‍ ഫിസര്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന വിവരം. ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെക്കുമായി ചേര്‍ന്നാണ് ഫിസറിന്റെ വാക്സിന്‍ നിര്‍മ്മാണം.

ആദ്യഘട്ട പരീക്ഷണങ്ങളില്‍ വാക്സിന്‍ ആന്റിബോഡി ഉല്പാദിപ്പിക്കുന്നതിലും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും വിജയകരമായിരുന്നു. ഒക്ടോബറില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു.

വാക്സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ കമ്പനി തയ്യാറാക്കിയിട്ടുള്ള ടൈംടേബിള്‍ പ്രകാരം നവംബര്‍ മൂന്നാം വാരത്തോടെ വാക്സിന്റെ അന്തിമ അനുമതി തേടുമെന്നും കമ്പനി അറിയിച്ചു.