മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുത്തതോടെ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസ് ഭരിച്ചിരുന്ന ശിവശങ്കറിന്റെ വീഴ്ചയില്‍ കേവലം തള്ളിപ്പറയല്‍ കൊണ്ടു മാത്രം മുഖ്യമന്ത്രിക്ക് തലയൂരാനാവില്ല. പ്രതിപക്ഷമാകട്ടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയും ചെയ്യും.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം ആക്രമണത്തിന്റെ കുന്തമുന തിരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണ്. മുഖ്യമന്ത്രിയാകട്ടെ ശിവശങ്കറിനെ തള്ളിപ്പറയാനോ സംരക്ഷിക്കാനോ ശ്രമിച്ചില്ല. കസ്റ്റംസിനു പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ്, എന്‍ഐഎ എന്നിങ്ങനെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കിയപ്പോഴും അവയൊക്കെ ശരിയെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാരും വിളിച്ചിട്ടില്ലെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഭരണപക്ഷത്തിന് ആശ്വാസമായിരുന്നു. പക്ഷേ കാര്യങ്ങള്‍ തകിടം മറിഞ്ഞത് വളരെ വേഗവും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ സിബിഐ അന്വേഷണം വരികയും ഉന്നത ഉദ്യോഗസ്ഥരെ സിബിഐ വിളിപ്പിക്കുകയും ചെയ്തപ്പോള്‍ പിണറായി വിജയന്‍ നിലപാടു മാറ്റി. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുന്നെന്ന വിമര്‍ശനം സിപിഐഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായി, കേസന്വേഷണങ്ങളില്‍ സിബിഐക്ക് നല്‍കിയ പൊതു അനുമതി ഏതു നിമിഷവും കേരളം പിന്‍വലിക്കാം എന്ന നിലയിലായി കാര്യങ്ങള്‍.

സ്പ്രിംഗ്‌ളര്‍, പമ്പ മണല്‍ കടത്ത്, ബെവ് ക്യൂ ആപ്പ്, ലൈഫ് പദ്ധതിയിലെ യൂണിടാക് പങ്കാളിത്തം ഇങ്ങനെ ശിവശങ്കര്‍ സമീപകാലത്ത് ആരോപണ വിധേയനായത് നിരവധി തവണയാണ്.