മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. സാമ്പത്തിക സംവരണത്തില്‍ മുന്നാക്ക വിഭാഗത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ആശങ്കകള്‍ പരിഹരിക്കണം. സാമ്പത്തിക സംവരണം കോണ്‍ഗ്രസ് പ്രഖ്യാപിത നിലപാടാണെന്നും, വിഷയത്തിലെ ലീഗ് നിലപാട് പാര്‍ട്ടി എന്ന നിലയിലാണെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിലയിരുത്തി.

സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്തും. മുന്നാക്ക സംവരണം നടപ്പാക്കാന്‍ ധൃതി കാണിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്. സംവരണത്തിന്റെ പേരില്‍ സാമുദായിക ധ്രുവീകരണത്തിന് സിപിഐഎം ശ്രമിക്കുകയാണെന്നും കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം വിലയിരുത്തി. വിഷയത്തിലെ ലീഗ് നിലപാട് നേരത്തെയുള്ളതാണെന്നും അഭിപ്രായ വ്യത്യസം ഇല്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം ഏഴിന് പൂര്‍ണ ദിവസ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജിനെയും പി.സി. തോമസിനെയും രാഷ്ട്രീയ പാര്‍ട്ടികളായി മുന്നണിയിലേക്ക് എടുക്കേണ്ടതില്ല. ഇരുവരും ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കട്ടെയെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. ഓണ്‍ലൈനില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ കെ. മുരളീധരനെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴും സംയമനം പാലിക്കുന്നില്ലെന്ന് ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. സാധാരണ പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ പലപ്പോഴും നിലവിട്ടു പ്രവര്‍ത്തിക്കുന്നു. ഇത് ഒഴിവാക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.