കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ശിവശങ്കറിനെ ഹാജരാക്കുക.

ഇന്നലെയാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ശിവശങ്കർ അറസ്റ്റിലായതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. കള്ളപ്പണ കടത്തിന് സംസ്ഥാനത്ത് ആദ്യം അറസ്റ്റിലാവുന ഐഎഎസ് ഉദ്യോഗസ്ഥനാണ് എം ശിവശങ്കർ.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നത്. വൈകുന്നേരം 3.15 ഓടെയാണ് ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചത്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കറിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. സ്വർണകടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് സജീവ പങ്കുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ വാദം.