കൊല്ലം: ജില്ലയില്‍ 85 ശതമാനത്തിലധികം കോവിഡ് ബാധിതരും രോഗലക്ഷണങ്ങള്‍ ഇല്ലാതെ കാണപ്പെടുന്നതിനാല്‍ സെന്റിനല്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. പനിയും ഇന്‍ഫ്‌ളുവന്‍സാ ലക്ഷണങ്ങളും ഉള്ളവരിലാണ് മുമ്ബ് കൂടുതല്‍ പരിശോധന നടത്തിയിരുന്നതെങ്കില്‍ ഇനി രോഗവ്യാപന സാധ്യതയുള്ള അതിഥി തൊഴിലാളികള്‍, ട്രക്ക് ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ശക്തമാക്കും.

ഇതിനായി ജില്ലയില്‍ രണ്ട് സഞ്ചരിക്കുന്ന പരിശോധനാ ലാബുകളും പരിശീലനം ലഭിച്ച ഡെന്റല്‍ സര്‍ജന്‍മാരും സ്റ്റാഫ് നഴ്‌സുമാരും ഉള്‍പ്പെടുന്ന ടീമുകളെ സജ്ജമാക്കി. ആഴ്ച്ചയില്‍ ഏഴു ദിവസവും മുന്‍കൂട്ടി തീയതിയും സമയവും അറിയിച്ച്‌ മൊബൈല്‍ ടീം പരിശോധന നടത്തും. കോവിഡ് രോഗനിര്‍ണയത്തിനുള്ള അന്റിജന്‍ പരിശോധനയ്‌ക്കൊപ്പം ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കുള്ള സ്വാബ് ശേഖരണവും മലമ്പനി പരിശോധനയും നടത്തും. മൊബൈല്‍ പരിശോധന ടീമിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തി രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏവരും പങ്കാളികളാകണമെന്നും സേവനങ്ങള്‍ക്കായി 0474-27976009, 8589015556 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും ഡി എം ഒ അറിയിച്ചു.