മുംബൈ: ബോളിവുഡിലെ ഹിറ്റ്​ സിനിമകളിലൊന്നായ ‘കുച്ച്‌​കുച്ച്‌​ ഹോതാ ഹെ..’ കണ്ടവരൊന്നും ആ കുസൃതിക്കുടുക്കയെ മറന്നിട്ടുണ്ടാവില്ല. ഷാറൂഖ്​ ഖാനും കാജലും റാണി മുഖര്‍ജിയും തകര്‍ത്തഭിനയിച്ച സിനിമയിലെ ആറു വയസ്സു മാത്രമുള്ള പഞ്ചാബി ബാലനെ ഇഷ്​ടപ്പെടാത്തവര്‍ ചുരുക്കം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ആ ബാലനെ കുരുന്നുപ്രായത്തില്‍ വെള്ളിത്തിരയില്‍ അഭിനയിച്ചു ഫലിപ്പിച്ചത്​ പര്‍സാന്‍ ദസ്​തൂര്‍ ആയിരുന്നു.

1998 ഒക്​ടോബര്‍ 16ന്​ റിലീസായ സിനിമയിലെ ഈ ബാലതാരം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്​ കല്യാണവിശേഷങ്ങളുമായാണ്​. ഇന്‍സ്​റ്റഗ്രാമിലൂടെയാണ്​ പര്‍സാന്‍ ത​െന്‍റ വിവാഹത്തെക്കുറിച്ച്‌​ അറിയിച്ചത്​. കാമുകി ഡെല്‍ന ഷ്​റോഫുമായി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം നടക്കുന്ന വിവരമാണ്​ 28കാരനായ പര്‍സാന്‍ ഇന്‍സ്​റ്റഗ്രാമില്‍ പങ്കുവെച്ചത്​. ഡെല്‍നയുമൊത്ത്​ ബീച്ചില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു പോസ്​റ്റ്​. മുംബൈയിലെ പാര്‍സി കുടുംബാംഗമാണ്​ പര്‍സാന്‍.

 

കുച്ച്‌​ കുച്ച്‌​ ഹോതാ ഹെയിലെ ഒന്നും മിണ്ടാത്ത പഞ്ചാബി ബാലനായുള്ള പര്‍സാ​െന്‍റ വേഷം രാജ്യവ്യാപകമായി ഏറെ ആരാധകരെ നേടിക്കൊടുത്തിരുന്നു. ഒടുവില്‍ കണ്ണീരോടെ ‘തുസീ ജാ രഹേ ഹോ? തുസീ നാ ജാവോ..’ (നിങ്ങള്‍ പോകുകയാണോ? നിങ്ങള്‍ പോകരുത്​) എന്ന്​ പറയുന്ന ഡയലോഗും സിനിമയിലെ എക്കാലവും ഓര്‍മിക്കുന്ന ഒന്നായി മാറി. സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍, ഫരീദ ജലാല്‍, റീമ ലാഗൂ, അര്‍ച്ചന പൂരണ്‍ സിങ്​ എന്നിവരും കുച്ച്‌​ കുച്ച്‌​ ഹോതാഹെയില്‍ അഭിനയിച്ചിട്ടുണ്ട്​.

 

ഒരുപാട്​​ പരസ്യചിത്രങ്ങളിലും അക്കാലത്ത്​ പര്‍സാന്‍ മുഖംകാണിച്ചു. കഹോനാ പ്യാര്‍ഹെ, മൊഹബ്ബത്തേന്‍, സുബൈദാ, കഭീ ഖുഷീ കഭീ ഗം, ഹാഥീ കാ അണ്ഡാ, ഹം തും, പര്‍സാനിയ, എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്​.