ദുബായ്: ഇന്ത്യന്‍ ടീമിലേക്ക് റിഷഭ് പന്തിനെ തിരഞ്ഞെടുക്കാത്തത് താന്‍ പ്രതീക്ഷിച്ചതാണെന്ന് വീരേന്ദര്‍ സെവാഗ്. സെലക്ടര്‍മാര്‍ നല്ല തീരുമാനം തന്നെയാണ് എടുത്തത്. പന്ത് ടീമിലില്ല എന്ന കാര്യത്തില്‍ എനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ല. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ വിദേശ പര്യടനത്തില്‍ പന്ത് ടീമിലുണ്ടായിരുന്നില്ല. കളിക്കാന്‍ ഫിറ്റ്‌നെസ് ഉണ്ടായിട്ടും പന്ത് കളിച്ചിരുന്നില്ല. കെഎല്‍ രാഹുല്‍ വളരെ നന്നായി കളിക്കുന്നുണ്ട്. വിക്കറ്റ് കീപ്പറായി രാഹുല്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രാഹുലിനെയാണ് സെലക്ടര്‍മാര്‍ കീപ്പറായി കണ്ടതെന്നും, അതുകൊണ്ട് പന്ത് പുറത്തായെന്നും സെവാഗ് പറഞ്ഞു.

സെലക്ടര്‍മാര്‍ ഒരു സന്ദേശം പന്തിന് നല്‍കാനാവും ഇത് ചെയ്തിട്ടുണ്ടാവും. പന്ത് സ്വന്തം മത്സര ശൈലി മാറ്റേണ്ടതുണ്ട്. തുടര്‍ച്ചയായി അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കളി ജയിപ്പിക്കാന്‍ പന്തിന് സാധിക്കുന്നില്ല. എങ്ങനെ കളി ജയിപ്പിക്കുകയെന്ന് പന്ത് അറിയേണ്ടതുണ്ട്. മത്സരങ്ങള്‍ ജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെങ്കില്‍, ടീമില്‍ അവസരവും ഉണ്ടാവില്ലെന്ന് സെവാഗ് വ്യക്തമാക്കി. ഞങ്ങള്‍ കളിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡായിരുന്നു എംഎസ് ധോണി വരുന്നത് വരെ വിക്കറ്റ് കീപ്പര്‍. ധോണി വരുന്നത് വരെ ഞങ്ങള്‍ക്ക് നല്ലൊരു കീപ്പറില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ദ്രാവിഡിനെ കീപ്പറാക്കി. ടീമില്‍ അധിക ബാറ്റ്‌സ്മാനായി അദ്ദേഹത്തെ കളിപ്പിക്കാമെന്നും ഇതിലൂടെ തീരുമാനിച്ചു.

റിഷഭ് പന്ത് നല്ല കീപ്പറാണ്. എന്നാല്‍ അദ്ദേഹം വിക്കറ്റുകള്‍ വലിച്ചെറിയുകയാണ്. കോലിയും രവി ശാസ്ത്രിയും ഇതിനെ ഒരിക്കലും സ്വാഗതം ചെയ്യില്ല. അവസരം കിട്ടുന്ന എല്ലാ കളിയിലും മത്സരങ്ങള്‍ ജയിപ്പിക്കാന്‍ പന്ത് ശ്രമിക്കണം. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിവുണ്ടെന്ന് പന്ത് തെളിയിക്കണമെന്നും സെവാഗ് പറഞ്ഞു. അതേസമയം അമിത ഭാരം കാരണമാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ആവശ്യം വന്നാല്‍ പന്തിനെ ഏകദിന-ടി20 ടീമിലും ഉള്‍പ്പെടുത്തുമെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. ബിസിസിഐക്ക് പന്തിന്റെ ഫിറ്റ്‌നെസിനെ കുറിച്ച്‌ റിപ്പോര്‍ട്ട് ഫിസിയോ നല്‍കിയിരുന്നു. പ്രകടനങ്ങളേക്കാള്‍ ഫിറ്റ്‌നെസാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത്.

അതേസമയം പന്തിനുള്ള മുന്നറിയിപ്പ് തന്നെയാണ് ഇപ്പോള്‍ നല്‍കിയിരുന്നതെന്ന് സെലക്ടര്‍മാര്‍ പറയുന്നു. ഏകദിന-ടി20 ടീമില്‍ പന്ത് എപ്പോഴുമുണ്ടാവുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്നാണ് സെലക്ടര്‍മാര്‍പറയുന്നു. കാരണം ഫോം ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ള കാര്യമാണ്. നേരത്തെ ന്യൂസിലന്‍ഡിനെതിരെ രാഹുലായിരുന്നു വിക്കറ്റ് കീപ്പര്‍ റോളില്‍ കളിച്ചത്. ഐപിഎല്ലില്‍ രാഹുലിന്റെ പ്രകടനവും മികച്ചതായിരുന്നു. പന്തിന്റെ ഓവര്‍ വെയ്റ്റില്‍ സെലക്ടര്‍മാര്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ആവശ്യം വന്നാല്‍ മാത്രം കളിക്കാന്‍ എന്നാണ് പന്തിനെ അറിയിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ഭാരം കുറച്ച്‌ ടീമില്‍ തിരിച്ചെത്താനാണ് പന്തിനോട് നിര്‍ദേശിച്ചിരിക്കുന്നത്