ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ കൊടിനാട്ടാന്‍ കരുതിക്കൂട്ടി ഡെമോക്രാറ്റുകള്‍. നവംബര്‍ മൂന്നിലേക്കുള്ള ദൂരം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരവെ തിരഞ്ഞെടുപ്പ് ചൂടില്‍ ചുട്ടുപൊള്ളുന്നത് ഇപ്പോള്‍ ജോര്‍ജിയയാണെന്നു പറയാം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള കടുത്ത മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ഇത്തവണ എന്തു സംഭവിക്കാമെന്നതാണ് അവസ്ഥ. ഡെമോക്രാറ്റിക്ക് സ്ഖ്യകക്ഷികളുടെ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കണ്ടത്. കടുത്ത പരിസ്ഥിതിവാദികളും പുരോഗമന ആശയങ്ങളുമുള്ള സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിടുന്ന ഒട്ടനവധി യുവാക്കളാണ് ഇവിടെയിപ്പോള്‍ ബൈഡന്‍ ക്യാമ്പിലെത്തിയിരിക്കുന്നത്. ഇതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്നത്. മറ്റ് ഏതൊരു സംസ്ഥാനവും പോലെ തെരഞ്ഞെടുപ്പില്‍ തുല്യ പ്രാധാന്യമുള്ള സംസ്ഥാനമാണ് ജോര്‍ജിയ എങ്കിലും ഇത്തവണ കാറ്റ് മാറി വീശുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷികര്‍ ഉറ്റു നോക്കുന്നത്. വംശീയതയ്ക്ക് പ്രാധാന്യമില്ലെങ്കിലും രാജ്യത്തു നടക്കുന്ന വംശീയ പ്രശ്‌നങ്ങള്‍ക്കെതിരെ അടുത്തകാലത്തായി പോരാട്ടവീര്യം കാണിച്ച സംസ്ഥാനങ്ങളിലൊന്നാണ് ജോര്‍ജിയ.


പടിഞ്ഞാറന്‍ ഫിലാഡല്‍ഫിയയില്‍ തിങ്കളാഴ്ച രാത്രി ഉണ്ടായ സംഘര്‍ഷം പോലും ജോര്‍ജിയയില്‍ പ്രതിഫലിച്ചു. പോലീസുമായി ഏറ്റുമുട്ടുകയും കവര്‍ച്ച നടത്തുകയും ചെയ്ത പ്രകോപിതരായ പ്രതിഷേധക്കാരുടെ അലയൊലികള്‍ നീണ്ടു പോയാല്‍ ഇവിടെയത് ഡെമോക്രാറ്റുകള്‍ക്കു ഗുണകരമാകും. 27 കാരനായ കറുത്ത മനുഷ്യനെ പോലീസ് വെടിവച്ച് കൊന്നതിന്റെ പ്രതിഷേധം പടര്‍ന്നാല്‍ ഭൂരിപക്ഷമുണ്ടെന്നു കരുതുന്ന റിപ്പബ്ലിക്കന്മാരുടെ ആവേശം ഉരുകിത്തീരും. കോബ്‌സ് ക്രീക്കില്‍ പോലീസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട വാള്‍ട്ടര്‍ വാലസ് എന്ന ചെറുപ്പക്കാരന്‍ പുതിയ വംശഹത്യയുടെ പ്രതീകമായി മാറിയാല്‍ സംഭവം കൈവിട്ടു പോകുമെന്നു ട്രംപിനും അറിയാം.

സോഷ്യല്‍ മീഡിയയില്‍ വാലസിന്റെ മരണം റെക്കോര്‍ഡുചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തതു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത നഷ്ടമുണ്ടാക്കും. രാജ്യവ്യാപകമായി ഇത് ഉയരുമെങ്കിലും ഏര്‍ലി വോട്ടിങ്ങ് അതിന്റെ പാരമ്യതയില്‍ നില്‍ക്കുന്നതില്‍ വോട്ടര്‍മാര്‍ മാറി ചിന്തിക്കാന്‍ തരമില്ലെന്നും രാഷ്ട്രീയ വിദഗ്ധര്‍ കാണുന്നു. എന്നാല്‍ ജോര്‍ജിയയില്‍ ഇതല്ല സ്ഥിതി. ഇത്തരമൊരു വംശീയ ഹത്യയെ ചെറുപ്പക്കാര്‍ എങ്ങനെ കാണുന്നുവെന്നതാണ് പ്രതിസന്ധിയുണ്ടാക്കുക. അവര്‍ ഭരണവിരുദ്ധവികാരമായി ഇതിനെ കണ്ടാല്‍ അതു ദോഷകരമാവുന്നത് ട്രംപിനും കൂട്ടര്‍ക്കുമാവും. വാലസിന്റെ മരണത്തെത്തുടര്‍ന്ന്, നൂറുകണക്കിന് ആളുകള്‍ ജോര്‍ജിയയിലും പ്രതിഷേധിച്ചു.

സെനറ്റര്‍ കമല ഹാരിസ് ബൈഡനെ പിന്തുണക്കുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ അറ്റ്‌ലാന്റയില്‍ എത്തിയിരുന്നു. എന്നാല്‍ ഇനിയൊരു രണ്ടാം വട്ട വരവിന് ഇവിടെ സാധ്യതയുണ്ടോയെന്നത് സംശയമാണ്. പ്രത്യേകിച്ച് വംശഹത്യ ആളിക്കത്തുന്ന സാഹചര്യത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കമല മിടുക്കിയാണെന്നു ബൈഡന് നന്നായറിയാം. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം ജോര്‍ജിയ സംസ്ഥാനം മുഴുവന്‍ വളരെ പ്രധാനമാണ്, അതു കൊണ്ട് ഇവിടെ കൂടുതല്‍ ശ്രദ്ധ കൊടുത്തു കൊണ്ടുള്ള നീക്കങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. ജോര്‍ജിയയുടെ കാര്യത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കത് നേട്ടമാണ്.’ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനി കമല എടുത്തുപറഞ്ഞു.

‘നിങ്ങള്‍ നോക്കൂ, കോവിഡ് പകര്‍ച്ചവ്യാധി ജോര്‍ജിയയെ വളരെയധികം ബാധിച്ചു, പകുതിയോളം, ബിസിനസുകള്‍ ശാശ്വതമായി അടച്ചിട്ടു. ദേശീയതലത്തില്‍ ഈ ഭരണകൂടം പാന്‍ഡെമിക്കിനെ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. അതു തന്നെയാണ് ഇപ്പോള്‍ വംശഹത്യയുടെ കാര്യത്തിലും സംഭവിക്കുന്നത്. ആഭ്യന്തരഭീഷണിയെയും വംശീയതയേയും കലാപത്തെ പോലും പിടിച്ചു നിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇനിയൊരിക്കലും അവര്‍ക്കതിനു കഴിയണമെന്നുമില്ല, കാരണം ലോകം മാറുകയാണ്. മാറിചിന്തിക്കുന്നവര്‍ ഞങ്ങള്‍ക്കൊപ്പമാണ്, പരിസ്ഥിതിയെയും സമൂഹത്തെയും സ്‌നേഹിക്കുന്നവര്‍ ഞങ്ങളെ ചേര്‍ത്തുപിടിക്കും,’ കമല പറഞ്ഞു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ നിന്നും ജയിച്ചു കയറിയ അവസാന ഡെമോക്രാറ്റാണ് ബില്‍ ക്ലിന്റണ്‍. 1992-ലായിരുന്നു ഇതെന്ന് ഓര്‍ക്കണം. ഇപ്പോള്‍ രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഡെമോക്രാറ്റുകള്‍ക്കൊപ്പം നില്‍ക്കാന്‍ പിന്നീട് സംസ്ഥാനം തയ്യാറായില്ല. എന്നാല്‍ ഇത്തവണ സ്ഥിതി വിഭിന്നമാണ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ് 2000, 2004 തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തു വിജയിച്ചു. ജനസംഖ്യാനുപാതത്തില്‍ മാറ്റം വരുത്തിയതിന്റെ ഭാഗമായി 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മികച്ച വിജയമാണ് ഇവിടെ നിന്നും നേടിയത്. ഇത്തവണയും അതാവര്‍ത്തിക്കാന്‍ റിപ്പബ്ലിക്കന്മാര്‍ ശ്രമിക്കുന്നു. ഭൂരിപക്ഷത്തെ ചേര്‍ത്തു പിടിക്കാന്‍ കഴിഞ്ഞതാണ് റിപ്പബ്ലിക്കന്മാരുടെ വിജയം. എന്നാല്‍ പോരാട്ടം പൊടിപൊടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇവിടെ നിന്നും കാണാനാവുന്നത്. അഭിപ്രായവോട്ടെടുപ്പുകളില്‍ തുല്യശക്തികളായി ഇരുപാര്‍ട്ടികളും മാറിയിരിക്കുന്നു. ജോര്‍ജിയ യൂണിവേഴ്‌സിറ്റി തിങ്കളാഴ്ച പുറത്തുവിട്ട ഒരു അറ്റ്‌ലാന്റ ജേണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് വോട്ടര്‍മാരില്‍ 47 ശതമാനം പിന്തുണയും ട്രംപിനാണെന്നാണ്. എന്നാല്‍ 46 ശതമാനം ബൈഡനെയും പിന്തണക്കുന്നു. ഏഴു ശതമാനം സ്വതന്ത്രന്മാര്‍ക്കൊപ്പമാണ്. മറ്റൊരു പുതിയ സര്‍വേ ന്യൂയോര്‍ക്ക് ടൈംസ് / സിയീന കോളേജില്‍ നിന്ന് പുറത്തു വിട്ടതു പ്രകാരം ബൈഡന് 45 ശതമാനം പിന്തുണയുണ്ട്. ട്രംപിന് 48 ശതമാനവും. അതായത്, ഒരു അട്ടിമറിക്ക് സംസ്ഥാനം തയ്യാറായാല്‍ റിപ്പബ്ലിക്കന്മാര്‍ക്ക് കാലുറപ്പിക്കാനാവില്ലെന്നു ചുരുക്കം. ഇപ്പോള്‍ രാജ്യത്തു നടക്കുന്ന സംഭവ വികാസങ്ങളാവട്ടെ അതിന് കൂടുതല്‍ കുരുക്കായി മാറുന്നു, എം.വി. ജോര്‍ജിയ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറും സ്‌കൂളിന്റെ സര്‍വേ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഹൂഡ് വ്യക്തമാക്കി. കടുത്ത മത്സരത്തിന്റെ മറ്റൊരു കാരണം ‘മിതവാദികളായ വോട്ടര്‍മാരും സബര്‍ബന്‍ വോട്ടര്‍മാരെയും ട്രംപ് പിണക്കിയതാണ്’ എന്നാണ് ഹൂഡ് കൂട്ടിച്ചേര്‍ത്തത്. ഇവര്‍ ഡെമോക്രാറ്റുകളുടെ വലയത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.

ബൈഡന്‍ ജോര്‍ജിയയില്‍ കടുത്ത പ്രചാരണത്തിനാണ് തയ്യാറെടുക്കുന്നത്. വ്യാപകമായ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നു. കൂടാതെ, അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ രണ്ടാം വനിത ജില്‍ ബൈഡന്‍, മക്കോണിലും സവന്നയിലും പ്രചാരണം നടത്തി. ഈ മാസം അവരുടെ രണ്ടാമത്തെ സംസ്ഥാന യാത്രയായിരുന്നു. റിപ്പബ്ലിക്കന്മാര്‍ അപകടം മണത്തതോടെ കൂടുതല്‍ പ്രചാരണങ്ങള്‍ക്ക് തയ്യാറെടുത്തു. പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് പെന്‍സും ഈ വേനല്‍ക്കാലത്തും ശരത്കാലത്തും ജോര്‍ജിയയില്‍ നിരവധി സ്‌റ്റോപ്പുകള്‍ നടത്തി. സബര്‍ബന്‍ അറ്റ്‌ലാന്റയിലെ യാഥാസ്ഥിതിക ഇവാഞ്ചലിക്കലുകളെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ മാസം അവസാനം പെന്‍സ് സംസ്ഥാനത്തായിരുന്നു. പ്രസിഡന്റ് ഒന്നര ആഴ്ച മുമ്പ് മക്കോണില്‍ ഒരു റാലി നടത്തി.

‘ഞാന്‍ ജോര്‍ജിയയെ സ്‌നേഹിക്കുന്നു,’ പ്രസിഡന്റ് പ്രഖ്യാപിച്ചു. ‘അറ്റ്‌ലാന്റയില്‍ നിന്ന് അഗസ്റ്റയിലേക്കും സവന്നയില്‍ നിന്ന് കൊളംബസിലേക്കും മരിയേട്ടയില്‍ നിന്ന് ജോര്‍ജിയയിലെ മക്കോണിലേക്കും ഒരു ഭീമന്‍ ചുവന്ന തരംഗം വരുന്നു’ എന്ന് ട്രംപ് പ്രവചിച്ചു. വൈറ്റ് ഹൗസ് മല്‍സരത്തില്‍ ജോര്‍ജിയ എത്രത്തോളം നിര്‍ണായകമായിത്തീര്‍ന്നുവെന്നതിന്റെ മറ്റൊരു സൂചനയില്‍, പ്രചാരണങ്ങളും അനുബന്ധ ഗ്രൂപ്പുകളും വാണിജ്യപരമായി സംസ്ഥാനത്തെ മിന്നുന്നതാക്കാന്‍ വലിയ തുകകള്‍ ശേഖരിക്കുന്നു. ബൈഡെന്‍ പ്രചാരണവും ഡെമോക്രാറ്റിക് ദേശീയ സമിതിയും സെപ്റ്റംബര്‍ അവസാനം മുതല്‍ സംസ്ഥാനത്ത് പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കൂടുതല്‍ കോടികളൊഴുക്കി. ട്രംപ് പ്രചാരണത്തെയും റിപ്പബ്ലിക്കന്‍ ദേശീയ സമിതിയെയും 8.2 ദശലക്ഷം മുതല്‍ 6.9 ദശലക്ഷം ഡോളര്‍ വരെ മറികടന്നുള്ള പരിപാടികളാണ് ഡെമോക്രാറ്റുകള്‍ നടത്തിയത്. പ്രമുഖ പരസ്യ ട്രാക്കിംഗ് സ്ഥാപനമായ അഡ്വര്‍ടൈസിംഗ് അനലിറ്റിക്‌സ് നല്‍കിയ കണക്കുകള്‍ പ്രകാരം ട്രംപ് അനുകൂല സൂപ്പര്‍ പിഎസികള്‍ കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അവരുടെ ബൈഡെന്‍ അനുകൂല എതിരാളികളെ 7.4 മില്യണ്‍ മുതല്‍ 3.2 മില്യണ്‍ ഡോളര്‍ വരെ മറികടന്നു. ഇതൊരു വലിയ കാര്യമാണ്.

‘തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ, രണ്ട് സ്ഥാനാര്‍ത്ഥികളും ജോര്‍ജിയയില്‍ പുറത്തുനിന്നുള്ള ഗ്രൂപ്പുകളില്‍ നിന്ന് കനത്ത പിന്തുണ കാണുന്നു,’ പരസ്യ അനലിറ്റിക്‌സിന്റെ ജോണ്‍ ലിങ്ക് എടുത്തുകാട്ടി. ഇത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.