അബൂദബി:  യുഎഇയില്‍ കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ജോലിക്കു പോകുന്ന മാതാപിതാക്കള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്റെ താക്കീത്. കുട്ടികളെ നോക്കാന്‍ സമയവും സാഹചര്യവും ഉണ്ടായിട്ടും ശിശുപരിപാലന കേന്ദ്രങ്ങളില്‍ വിടുന്നത് ഇനി അനുവദിക്കില്ല. വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ കുട്ടികളെ മറ്റിടങ്ങളില്‍ ഏല്‍പിക്കാവൂ എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്ക് ശക്തമായ താക്കീതും പ്രോസിക്യൂഷന്‍ നല്‍കി.

കുട്ടികള്‍ക്കെതിരായ ശാരീരിക, മാനസിക പീഡനങ്ങളും വിവേചനവും പാടില്ല. തുല്യ അവകാശവും അവസരങ്ങളും നല്‍കണം. സുരക്ഷിതത്വം അപകടത്തിലാക്കുന്ന കാര്യങ്ങള്‍ അനുവദിക്കില്ല. കുട്ടികളുടെ മനസ്സിനെ തളര്‍ത്തുന്ന നടപടികള്‍ പാടില്ല. ശാന്തമായി പെരുമാറണം. ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യരുത്. അവരുടെ മാനസിക, ശാരീരിക വളര്‍ച്ച പരിപോഷിപ്പിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും പ്രോസ്‌ക്യൂഷന്‍ പറഞ്ഞു.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് തടവ് ശിക്ഷയാണ് ലഭിക്കാന്‍ പോകുന്നത്. വിവാഹമോചന വേളയില്‍ കുട്ടികളുടെ സംരക്ഷണ ചുമതല ലഭിച്ചയാളും ഇക്കാര്യം ശ്രദ്ധിക്കണം. രോഗം വന്നാല്‍ മതിയായ ചികിത്സ ഉറപ്പാക്കണം. കുടുംബ പ്രശ്‌നങ്ങളില്‍ അകപ്പെടുന്ന കുട്ടികളുടെ കേസ് ഫാമിലി പ്രോസിക്യൂഷന്‍ നേരിട്ടാണ് കൈകാര്യം ചെയ്യുക. 2016 മാര്‍ച്ച്‌ എട്ടിന് പുറപ്പെടുവിച്ച ബാലാവകാശ സംരക്ഷണ നിയമം (വദീമ ലോ) 36-ാം വകുപ്പ് അനുസരിച്ച്‌ മാതാപിതാക്കള്‍ കുട്ടിയെ ഉപദ്രവിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്.

കുറ്റം തെളിഞ്ഞാല്‍ അര ലക്ഷം മുതല്‍ മൂന്നു ലക്ഷം ദിര്‍ഹം വരെ പിഴയോ തടവോ അനുഭവിക്കേണ്ടിവരും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചാകും ശിക്ഷയുടെ കാഠിന്യം. മര്‍ദനത്തിനിരയായ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനും നിയമമുണ്ടെന്ന് അല്‍കബ്ബാന്‍ അഡ്വക്കറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.