ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വിയില്‍ ചോദ്യങ്ങളും വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഡല്‍ഹി പന്തെറിഞ്ഞപ്പോള്‍ ഒരു ബൗണ്‍സര്‍ പോലും എറിഞ്ഞില്ല. ആദ്യ ആറ് ഓവറില്‍ 75 റണ്‍സാണ് അവര്‍ വഴങ്ങിയത്. വലിയ വെടിക്കെട്ട് തന്നെയാണ് അരങ്ങേറിയത്. എന്നാല്‍ ഇത്രയൊക്കെ അടി കിട്ടിയിട്ടും എന്തുകൊണ്ടാണ് അവര്‍ ഒരു ബൗണ്‍സര്‍ പോലും എറിയാന്‍ നോക്കാതിരുന്നത്. ആന്‍ഡ്‌റിച്ച്‌ നോര്‍ട്ടെയും റബാദയും പോലുള്ള പേസ് ബൗളര്‍മാര്‍ അവര്‍ക്കുണ്ടായിരുന്നു. എന്നിട്ട് പോലും അവര്‍ ബൗണ്‍സറിന് ശ്രമിച്ചില്ല. ഇത് റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് ചോപ്ര വ്യക്തമാക്കി.

ഡല്‍ഹിയുടെ ബാറ്റിംഗും ബൗളിംഗും നീണ്ടതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ക്ക് ഫീല്‍ഡിംഗിലും ബൗളിംഗിലും ഒരു പിടിയുമില്ലായിരുന്നു. ഡല്‍ഹിയുടെ ഫീല്‍ഡിംഗ് മൊത്തത്തില്‍ ഈ സീസണില്‍ നല്ലതായിരുന്നില്ല എന്ന് പറയേണ്ടി വരും. അതേസമയം തന്നെ അദ്ഭുതകരമായ മറ്റൊരു കാര്യവും സംഭവിച്ചു. റബാദയ്ക്ക് മത്സരത്തില്‍ ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. 25 മത്സരങ്ങള്‍ക്ക് ശേഷമാണ് റബാദയ്ക്ക് ഒരു വിക്കറ്റും കിട്ടാതെ പോകുന്നത്. അശ്വിന് ഒരു വിക്കറ്റ് ലഭിച്ചു. അത് വളരെ സ്ലോയായി എറിഞ്ഞത് കൊണ്ടാണ്. അല്ലാതെ ഡല്‍ഹിയുടെ ബൗളിംഗില്‍ പ്രത്യേകിച്ച്‌ ഒന്നും പറയാനില്ല. അവര്‍ക്ക് വിക്കറ്റ് ലഭിക്കുന്നില്ലായിരുന്നു. 219 റണ്‍സും ബൗളര്‍മാര്‍ വഴങ്ങിയെന്ന് ചോപ്ര പറഞ്ഞു.

ബാറ്റിംഗില്‍ ഡല്‍ഹി ശോഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ചീട്ടുകൊട്ടാരം പോലെയാണ് അവര്‍ തകര്‍ന്ന് വീണത്. സാഹ ഒറ്റയ്ക്ക് നേടിയ സ്‌കോര്‍ ഡല്‍ഹി നിരയില്‍ എത്തുമ്പോഴേക്ക് അവരുടെ ആറ് കളിക്കാരാണ് കൂടാരം കയറിയത്. അവര്‍ ആറിന് 87 എന്ന നിലയിലായിരുന്നു. സാഹ ഒറ്റയ്ക്ക് 87 റണ്‍സെടുത്തിരുന്നു. ബാറ്റിംഗ് ലൈനപ്പില്‍ അവര്‍ മാറ്റം വരുത്തിയത് റാഷിദ് ഖാനെ നേരിടുന്നത് ഒഴിവാക്കാനാണ്. ഈ മത്സരത്തില്‍ ആര്‍ക്കും ആരെയും രക്ഷിക്കാന്‍ കഴിയില്ല. അത് ഓരോ മത്സരത്തിലും വ്യക്തമാവുന്നുണ്ട്. ബാറ്റിംഗ് ലൈനപ്പ് നിങ്ങള്‍ മാറ്റിയാല്‍ അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഈ മത്സരത്തില്‍ മനസ്സിലായെന്നും ചോപ്ര പറഞ്ഞു.

ഡല്‍ഹി ബാറ്റിംഗ് നിര ഏതെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കാരണം അവര്‍ ശിഖര്‍ ധവാനെ വല്ലാതെ ആശ്രയിക്കുന്നുണ്ട്. കാരണം ധവാന്‍ നന്നായി കളിച്ചാല്‍ ഡല്‍ഹിയും നന്നായി കളിക്കും. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ധവാന്‍ നേരത്തെ പുറത്തായി. ഇത് കാണാനുണ്ട്. രഹാനെയും ശ്രേയസ് അയ്യരും സ്‌കോര്‍ ചെയ്യുന്നില്ല. ഇവര്‍ ഫോമിലല്ല. റിഷഭ് പന്തിനും പറയത്തക്ക റണ്‍സ് കിട്ടുന്നില്ല. ഇങ്ങനെ നോക്കിയാല്‍ അവര്‍ കളി ജയിക്കുന്നതെങ്ങനെയെന്നും ചോപ്ര ചോദിച്ചു. പ്രശ്‌നങ്ങളൊന്നും ഇല്ലാതെ പോയി കൊണ്ടിരുന്ന സമയത്താണ് അവര്‍ പ്രശ്‌നത്തിലേക്ക് വീണിരിക്കുന്നത്. അവര്‍ ശക്തമായി തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചോപ്ര പറഞ്ഞു