കോട്ടയം; തൊടുപുഴ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിലായി. കുഞ്ഞിന്‍റെ പിതൃത്തത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് അയര്‍കുന്നം സ്വദേശികളായ ദമ്പതികള്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ അനാഥാലയത്തിന് മുന്നില്‍ ഉപേക്ഷിച്ചത്. സിസിടിവി കേന്ദ്രീകരിച്ച്‌ കാഞ്ഞാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തിയത്.

അയര്‍കുന്നം തേത്തുരുത്തില്‍ അമല്‍ കുമാര്‍(31), ഭാര്യ അപര്‍ണ(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ക്ക് രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്. അങ്ങനെയെരിക്കെയാണ് യുവതി വീണ്ടും ഗര്‍ഭിണിയായത്. എന്നാല്‍ യുവതി തന്നില്‍നിന്ന് അല്ല ഗര്‍ഭം ധരിച്ചതെന്ന നിലപാടിലായിരുന്നു അമല്‍കുമാര്‍. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. വിവാഹ ബന്ധം പോലും വേര്‍പെടുത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രസവ തീയതി അടുത്തതോടെ യുവതി ഭര്‍ത്താവിനോട് എല്ലാം തുറന്നു പറഞ്ഞു. പെരുവന്താനം സ്വദേശിയാണ് തന്‍റെ ഗര്‍ഭത്തിന് ഉത്തരവാദിയെന്നും, അയാള്‍ അടുത്തിടെ ആത്മഹത്യ ചെയ്തെന്നും അപര്‍ണ ഭര്‍ത്താവിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഒപ്പം താമസിപ്പിക്കാമെന്നാണ് അമല്‍കുമാര്‍ ഭാര്യയോട് പറഞ്ഞത്.

അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് യുവതിക്ക് പ്രസവവേദനയുണ്ടായി. സുഹൃത്തിന്‍റെ വാഹനമെടുത്ത് അമല്‍കുമാര്‍ ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോയി. എന്നാല്‍ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ്‌ യുവതി കാറില്‍വെച്ച്‌ പ്രസവിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏതെങ്കിലും അനാഥാലയത്തിന് മുന്നില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ഇരുവരും തീരുമാനിച്ചത്.

അങ്ങനെ പന്നിമറ്റത്തെ അനാഥാലയത്തിന് മുന്നിലെത്തി, കാറിലുണ്ടായിരുന്ന കത്രികയെടുത്ത് യുവതി തന്നെ പൊക്കിള്‍ക്കൊടി മുറിച്ചു. ഇതിനുശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുടര്‍ന്ന് നെല്ലാപാറയിലെത്തിയ അമല്‍കുമാറും അപര്‍ണയും ചേര്‍ന്ന് കാറിലെ രക്തമെല്ലാം കഴുകിക്കളഞ്ഞു നാട്ടിലേക്ക് മടങ്ങി. വാഹനം ഉടമയ്ക്കു കൈമാറിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിനുള്ളില്‍ കഴിഞ്ഞു.

എന്നാല്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തില്‍ കാഞ്ഞാര്‍ പൊലീസ് ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. അനാഥാലയത്തിന്‍റെ ഗേറ്റിന് സമീപത്തെ സിസിടിവിയില്‍ ദമ്പതികള്‍ വന്നുപോയ കാറിന്‍റെ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അമല്‍കുമാറും അപര്‍ണയും പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. അപര്‍ണയെ പൊലീസ് നിരീക്ഷണത്തില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമല്‍കുമാറിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.