കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാനാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സാമ്പത്തിക ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നതെന്ന് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്‍റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശിച്ചത്.

ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെയും സ്വപ്നയുടെയും മൊഴികളില്‍ ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ശിവശങ്കറിന് സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് കോടതിയില്‍ വെളിപ്പെടുത്തിയത്. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്ബത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിന് ഉണ്ടായിട്ടില്ലെന്നും ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.