ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്.നേരിയ തോതില്‍ മഴ ചാറിയ ശേഷമാവും ഇടിമിന്നലിനു സാധ്യത. അതോടെ മഴ കനക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മധ്യഖത്തറില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ അവസാനം ആലിപ്പഴവര്‍ഷത്തോടെ സാമാന്യം നല്ല മഴ പെയ്തിരുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.

ഹൈവേകളില്‍ ദൂരക്കാഴ്ച കുറയും. അക്വാപ്ലെയ്നിങ് മൂലം വാഹനങ്ങള്‍ അപകടത്തില്‍പെടാമെന്നതിനാല്‍ ഡ്രൈവിങ്ങില്‍ ഏറെ ശ്രദ്ധ വേണം. ഇടിമിന്നലുള്ള സമയത്ത് ഉയര്‍ന്ന കെട്ടിടങ്ങളുടെ മട്ടുപ്പാവുകള്‍, ഇലക്‌ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍ എന്നിവയ്ക്കു സമീപം നില്‍ക്കരുതെന്നും വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.