ന്യൂഡൽഹി: രാജ്യത്ത് നവംബർ 30 വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അടുത്ത ഒരു മാസത്തേക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണുകളിൽ നവംബർ 30 വരെ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മെട്രോ സർവ്വീസുകൾ നടത്താനും ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും തുറക്കാനും ക്ഷേത്രങ്ങളിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും വിവാഹം, മരണം എന്നിങ്ങനെയുള്ള ചടങ്ങുകളിൽ ഒത്തുകൂടുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച കണക്കുകളിലും സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.