ആലപ്പുഴ: ലോക റെക്കോർഡിൽ ഇടം നേടി ആലപ്പുഴ സ്വദേശിയായ ആറു വയസുകാരൻ. മാന്നാർ പള്ളിയമ്പിൽ വീട്ടിൽ ജയപ്രകാശിന്റേയും ജ്യോതി ലക്ഷ്മിയുടെയും മകനായ പത്മനാഭനാണ് ലോകറെക്കോർഡ് സ്വന്തമാക്കിയത്. സഹസ്രാബ്ദങ്ങൾക്ക് മുൻപേ വംശനാശം സംഭവിച്ച വ്യത്യസ്ത ഇനം ദിനോസറുകളെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തിരിച്ചറിഞ്ഞാണ് പത്മനാഭൻ ഈ നേട്ടം കരസ്ഥമാക്കിയത്. ദോഹ ഖത്തർ ബിർല സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് പത്മനാഭൻ.

വേൾഡ് റെക്കോർഡ് ഓഫ് യുകെ, ലിംക ബുക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സ് എന്നിവയിലെല്ലാം ഈ കുരുന്ന് ഇടം നേടിയിരിക്കുകയാണ്. ഒരു മിനിട്ടിൽ 41 വ്യത്യസ്ത ഇനം ദിനോസറുകളുടെയും അഞ്ചു മിനിട്ടിൽ 97 ഇനങ്ങളുടെയും ചിത്രങ്ങളാണ് പത്മനാഭൻ തിരിച്ചറിഞ്ഞത്. 130 വ്യത്യസ്ത ഇനം ദിനോസറുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേര് പറയാൻ പത്മനാഭന് കഴിവുണ്ട്.

ഒരു ദിനോസറിന്റെ ചിത്രം കിട്ടിയാൽ അത് ഉരഗ വർഗമാണോ പക്ഷി വർഗമാണോ എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ നിഷ്പ്രയാസം പറയാൻ പത്മനാഭന് കഴിയും. പിറന്നാൾ സമ്മാനമായി കിട്ടിയ ഒരു പുസ്തകത്തിൽ നിന്നാണ് വ്യത്യസ്തയിനം ദിനോസറുകളെ കുറിച്ചും അവയുടെ പേരുകളെ കുറിച്ചും പത്മനാഭൻ മനസിലാക്കിയത്.

ദിനോസറുകളെ തിരിച്ചറിഞ്ഞ് അവയുടെ പേര് ഹൃദ്യസ്ഥമാക്കാൻ തുടങ്ങിയതോടെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചു. മകന്റെ താത്പര്യം മനസിലാക്കി ദിനോസറുകളെ കുറിച്ച് കൂടുതൽ അറിവ് പകരുന്ന പുസ്തകങ്ങളും യൂട്യൂബ് വീഡിയോകളും മാതാപിതാക്കൾ പത്മനാഭന് സമ്മാനിച്ചു. അധ്യാപകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പത്മനാഭന് പരമാവധി പ്രോത്സാഹനം നൽകി. ഗിന്നസ് ബുക്ക്‌സ് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്നതിനായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് പത്മനാഭൻ ഇപ്പോൾ.