കോഴിക്കോട് വ്യാപാരിയുടെ മരണത്തിനിടയാക്കിയ അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പറേഷന്‍ നടപടി തുടങ്ങി. കോഴിക്കോട് സെഞ്ച്വറി ബില്‍ഡിംഗിനെതിരെയാണ് നടപടി. കെട്ടിടത്തില്‍ നിയമലംഘനം നടന്നതായി കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് തിരൂര്‍ സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്രോസ് ഹാജി സെഞ്ച്വറി കോംപ്ലക്സിലെ വലിയ ദ്വാരത്തില്‍ വീണ് മരിച്ചത്. കെട്ടിടത്തിലേക്ക് സാധനങ്ങള്‍ ഇറക്കാനും കയറ്റാനുമുള്ള സൗകര്യത്തിനായാണ് ഒന്നാം നിലയില്‍ നിന്ന് ഭൂഗര്‍ഭ നിലയിലേക്ക് ദ്വാരം നിര്‍മിച്ചത്. നേരത്തെ ഉണ്ടായിരുന്ന കൈവരികള്‍ എടുത്തു മാറ്റിയായിരുന്നു പുതിയ നിര്‍മാണം.

 

എന്നാല്‍ കോര്‍പറേഷന്റെ അനുമതി ഇല്ലാതെയാണ് നിര്‍മാണം നടന്നതെന്ന് കെട്ടിടത്തില്‍ പരിശോധന നടത്തിയ കോര്‍പറേഷന്‍ എഞ്ചിനീയര്‍ പറഞ്ഞു. വ്യാപാരിയുടെ മരണത്തിനിടയായ സംഭവത്തില്‍ സെഞ്ച്വറി കോംപ്ലക്സ് ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്. ഇതിനൊപ്പമാണ് കെട്ടിട ചട്ട ലംഘനത്തിനെതിരെ കോര്‍പറേഷന്‍ നടപടി ആരംഭിച്ചത്.